മോർച്ചറിയിൽ നിന്ന് ശരീരഭാഗങ്ങൾ മോഷ്ടിച്ച് വിറ്റു; ഹാർവാർഡിലെ മുൻ മോർച്ചറി മാനേജർക്കും ഭാര്യക്കും തടവ്

വാഷിങ്ടൺ ഡിസി : മോർച്ചറിയിൽ നിന്ന് ശരീരഭാഗങ്ങൾ മോഷ്ടിച്ച് വിറ്റതുമായി ബന്ധപ്പെട്ട് ഹാർവാർഡിലെ മുൻ മോർച്ചറി മാനേജർക്ക് 8 വർഷം തടവുശിക്ഷ. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മുൻ മോർച്ചറി മാനേജർ സെഡ്രിക് ലോഡ്ജിനെ(58)യാണ് കോടതി ശിക്ഷിച്ചത്. കുറ്റകൃത്യത്തിൽ ഇയാളുടെ പങ്കാളിയായിരുന്ന ഭാര്യ ഡെനിസ് ലോഡ്ജിന് (65) ഒരു വർഷത്തെ തടവുശിക്ഷ ലഭിച്ചതായി നീതിന്യായ വകുപ്പ് അറിയിച്ചു.
2018 മുതൽ 2020 മാർച്ച് വരെയുള്ള കാലയളവിലാണ് മോർച്ചറിയിൽ നിന്ന് ആന്തരികാവയവങ്ങൾ, തലച്ചോറ്, ചർമം, കൈകൾ, മുഖങ്ങൾ, കീറിമുറിച്ച തലകൾ എന്നിവ ഉൾപ്പെടെ വിറ്റതെന്ന് യുഎസ് നീതിന്യായ വകുപ്പ് കണ്ടെത്തിയിരുന്നു. കുറ്റസമ്മതം നടത്തിയതിനു പിന്നാലെ 2023 മേയിൽ അദ്ദേഹത്തെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു.
സെഡ്രിക് ലോഡ്ജും ഭാര്യ ഡെനിസ് ലോഡ്ജും ചേർന്ന് ബോസ്റ്റണിനടുത്തുള്ള മെഡിക്കൽ സ്കൂളിൽ നിന്ന് ശരീരഭാഗങ്ങൾ മോഷ്ടിച്ച് ന്യൂ ഹാംഷെയറിലെ ഗോഫ്സ്ടൗണിലുള്ള അവരുടെ വീട്ടിലേക്കും മാസച്യുസിറ്റ്സിലെയും പെൻസിൽവാനിയയിലെയും മറ്റ് സ്ഥലങ്ങളിലേക്കും കടത്തി. അവിടെ നിന്ന് ഈ ശരീരഭാഗങ്ങൾ വിവിധ സംസ്ഥാനങ്ങളിലുള്ള വാങ്ങുന്നവർക്ക് അയച്ചുകൊടുത്തു.
കുറ്റകൃത്യങ്ങളുടെ സ്വഭാവം കൊണ്ടും അതു നടന്ന പശ്ചാത്തലം കൂടി കണക്കിലെടുത്തും ഈ കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിയമപാലകർ പറഞ്ഞു. ‘ഈ ഹീനമായ കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് ഈ ശിക്ഷാവിധി’ – എഫ്ബിഐയുടെ ഫിലഡൽഫിയ ഫീൽഡ് ഓഫിസിലെ സ്പെഷ്യൽ ഏജന്റായ വെയ്ൻ എ. ജേക്കബ്സ് പറഞ്ഞു.
ലോഡ്ജ് വിറ്റ പല ശരീരഭാഗങ്ങളും ഒരൊറ്റ ഇടപാടിൽ അവസാനിച്ചില്ലെന്ന് പ്രോസിക്യൂട്ടർമാർ വെളിപ്പെടുത്തി. പകരം, അവ ലാഭത്തിന് മറ്റുള്ളവർക്ക് വീണ്ടും വിറ്റു. ഇത് മനുഷ്യ ശരീരഭാഗങ്ങൾക്കായുള്ള ഒരു വലിയ കരിഞ്ചന്തയ്ക്ക് കാരണമായി. ഈ ശരീരഭാഗങ്ങൾ വാങ്ങിയവരിൽ പലർക്കും ഇതിനകം ജയിൽ ശിക്ഷ ലഭിച്ചു. മറ്റുള്ളവർ ശിക്ഷാവിധി കാത്തിരിക്കുകയുമാണ്.



