യുഎസിൽ ഗ്രീൻ കാർഡ് അഭിമുഖത്തിനിടയിൽ ഇന്ത്യൻ വംശജയെ തടവിലാക്കി

വാഷിങ്ടൺ ഡിസി : ഗ്രീൻ കാർഡ് അഭിമുഖത്തിനിടയിൽ ഇന്ത്യൻ വംശജയെ യുഎസിൽ തടവിലാക്കിയതായി റിപ്പോർട്ട്. 30 വർഷത്തിന് മുകളിലായി യുഎസിൽ താമസിക്കുന്ന ബബിൽജിത് കൗറിനെയാണ് യുഎസ് അധികൃതർ അറസ്റ്റ് ചെയ്തത്. ഗ്രീൻ കാർഡ് അഭിമുഖത്തിന്റെ അവസാനഘട്ടത്തിൽ ബയോമെട്രിക് സ്കാൻ അപ്പോയിന്റ്മെന്റിനെത്തിയപ്പോഴാണ് ഫെഡറൽ ഏജൻ്റുമാർ ബബിൽജിതിനെ കസ്റ്റഡിയിലെടുത്തതെന്ന് മകൾ ജ്യോതിയെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഡിസംബർ ഒന്നിനാണ് കൗർ ബയോമെട്രിക് സ്കാനിങിന് അപ്പോയിന്റ്മെന്റ് ലഭിച്ചതിനെ തുടർന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിയത്. തുടർന്ന് ഓഫീസിലേക്ക് നിരവധി ഫെഡറൽ ഏജൻ്റുമാർ എത്തുകയും മറ്റൊരു മുറയിലേക്ക് കൊണ്ടുപോകുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് ജ്യോതി പറഞ്ഞു. അഭിഭാഷകയുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചെങ്കിലും വ്യക്തമായ കാരണങ്ങളില്ലാതെ തന്റെ അമ്മയെ അധികൃതർ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും യുവതി ആരോപിച്ചു.
ബബിൽജി കൗറിനെ എങ്ങോട്ടേക്കാണ് അധികൃതർ മാറ്റിയതെന്നതിൽ മണിക്കൂറുകളോളം കുടുംബത്തിന് യാതൊരുവിധ വിവരങ്ങളും ലഭിച്ചിരുന്നില്ല. മുൻ ഫെഡറൽ ജയിലായിരുന്ന അഡെലാൻ്റോയിലേക്ക് മാറ്റിയതായി മണിക്കൂറുകൾക്ക് ശേഷമാണ് വിവരം ലഭിച്ചത്. കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ചകൾക്ക് നിയന്ത്രിത സമയമാണുള്ളതെന്നും മനുഷ്യത്വരഹിതമായ നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും മകൾ ജ്യോതി ആരോപിച്ചു.
രണ്ട് പതിറ്റാണ്ടിലേറെയായി കൗറും ഭർത്താവും ബെൽമോണ്ട് ഷോറിൽ റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു. കൗറിൻ്റെ കുടുംബം യുഎസിലേക്ക് കുടിയേറിയ ശേഷം, അവർ ആദ്യം ലഗൂണ ബീച്ചിൽ സ്ഥിരതാമസമാക്കി. പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് ബെൽമോണ്ട് ഷോറിലേക്ക് താമസമാക്കി. ഇവർക്ക് മൂന്നു മക്കളുണ്ട്. ഇവരെല്ലാം യുഎസ് പൗരരാണ്.



