അന്തർദേശീയം

യുഎസിൽ കഞ്ചാവുമായി ബന്ധപ്പെട്ട ഫെഡറൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ഒരുങ്ങി ട്രംപ്

വാഷിംഗ്ടൺ ഡിസി : അമേരിക്കയിൽ കഞ്ചാവുമായി ബന്ധപ്പെട്ട ഫെഡറൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ആലോചിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കഞ്ചാവിനെ കുറഞ്ഞ അപകട സാധ്യതയുള്ള ലഹരി വസ്തുവായി പുനർവർഗീകരിക്കുന്നത് പരിഗണനയിലുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇങ്ങനെ ചെയ്യുന്നത് വഴി നിലവിൽ നടത്താൻ കഴിയാത്ത നിരവധി ഗവേഷണങ്ങൾക്ക് തുടക്കം കുറിക്കാനാകുമെന്നും അതിനാലാണ് ഈ നീക്കത്തിന്റെ സാധ്യത പരിശോധിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. നിലവിൽ ഫെഡറൽ തലത്തിൽ കഞ്ചാവിനെ ‘ഷെഡ്യൂൾ I’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹെറോയിൻ, എൽഎസ്ഡി തുടങ്ങിയ മയക്കുമരുന്നുകളോടൊപ്പമാണിത്. ഷെഡ്യൂൾ I ൽ ഉൾപ്പെട്ടിട്ടുള്ളത് മാരക ദുരുപയോഗ സാധ്യതയുള്ള ലഹരി വസ്തുക്കളാണ്. ഈ കൂട്ടത്തിൽ കഞ്ചാവ് തുടർന്നാൽ, ഔഷധ ഉപയോഗത്തിന് അനുമതി നൽകാനാവില്ല. അതിനാലാണ് പുതിയ ആലോചനയെന്നും ട്രംപ് പറഞ്ഞു.

അതേസമയം, യുഎസിലെ നിരവധി സംസ്ഥാനങ്ങളിൽ കഞ്ചാവ് ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമവിധേയമാണ്. കഞ്ചാവിനെ ‘ഷെഡ്യൂൾ III’ വിഭാഗത്തിലേക്ക് മാറ്റുന്നതിനാണ് ട്രംപ് നീക്കം നടത്തുന്നതെന്നാണ് വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നത്. മെഡിക്കൽ മൂല്യമുള്ളതും കുറവ് ദുരുപയോഗ സാധ്യതയുള്ളതുമായ മരുന്നുകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. കെറ്റാമിൻ, അനാബോളിക് സ്റ്റിറോയിഡുകൾ തുടങ്ങിയവയും ഇതിൽപ്പെടുന്നു.

എന്നാൽ, യുഎസ് പ്രസിഡന്റിന് ഒറ്റയ്ക്ക് ഒരു ലഹരി വസ്തുവിനെ പുനർവർഗീകരിക്കാൻ അധികാരമില്ല. ഫെഡറൽ ഏജൻസികളെ ഇതിന് നിർദേശിക്കുന്ന എക്സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ട്. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്തും പുനർവർഗീകരണ ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും, ട്രംപ് 2025 ൽ അധികാരത്തിലേറിയതോടെ ഇത് പാതി വഴിക്ക് വച്ച് നിന്നു പോകുകയായിരുന്നു. നിലവിൽ യുഎസിൽ സംസ്ഥാനതലത്തിൽ കഞ്ചാവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏകീകരിക്കാനായിട്ടില്ല.

നിലവിൽ യുഎസിൽ സംസ്ഥാനതലത്തിൽ കഞ്ചാവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏകീകൃതമല്ല. കഞ്ചാവ് വ്യാപാരം, വിനോദോപയോഗം, സ്വന്തം കൃഷി തുടങ്ങിയവയിൽ ഓരോ സംസ്ഥാനങ്ങളും വ്യത്യസ്ത നയങ്ങളാണ് പിന്തുടരുന്നത്. നിലവിൽ ചെറിയ അളവിൽ കഞ്ചാവ് വിനോദോപയോഗത്തിനായി ഉപയോഗിക്കുന്നത് 24 സംസ്ഥാനങ്ങളിലും വാഷിങ്ടൺ ഡിസിയിലും നിയമവിധേയമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button