പിറന്നാൾ ആഘോഷം വൈറലാക്കാൻ റോഡിന് തീയിട്ടു; പ്രതിയെ അകത്താക്കി ദുബൈ പൊലീസ്

ദുബൈ : പിറന്നാൾ ആഘോഷിക്കാൻ റോഡിന് തീയിട്ട യുവാവിനെ അറസ്റ്റ് ചെയ്തതായി ദുബൈ പൊലീസ്. തീപിടിക്കുന്ന വസ്തു കൊണ്ട് റോഡിൽ ഇരുപത്തിയാറ് എന്ന് എഴുതിയ ശേഷം പ്രതി ഇതിലേക്ക് തീയിടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ദുബൈ പൊലീസ് കർശന നടപടി സ്വീകരിച്ചത്.
ഇരുപത്തിയാറാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ആണ് യുവാവ് ഇത്തരം ഒരു പ്രവർത്തി ചെയ്തത്. തന്റെ പിറന്നാൾ ആഘോഷം വൈറൽ ആക്കാനായി വാഹനം റോഡിൽ നിർത്തിയിട്ട ശേഷമായിരുന്നു റോഡിന് തീയിട്ടത്. യുവാവ് തന്നെ ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്ക് വെയ്ക്കുകയും ചെയ്തു. ഈ വിഡിയോ ശ്രദ്ധയിൽപ്പെട്ട ദുബൈ പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു.
മണിക്കൂറുകൾക്കുള്ളിൽ പ്രതിയുടെ വാഹനം കണ്ട് കെട്ടുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ നിയമ ലംഘനങ്ങൾക്കും നാശനഷ്ടങ്ങൾക്കും യുവാവ് ഉത്തരവാദിയാണെന്ന് പൊലീസ് പറഞ്ഞു.
“പൊതു റോഡിൽ തീയിടുന്നത് വഴി മറ്റുള്ളവരുടെ ജീവിതത്തിന് ഭീഷണിയാണ്,ഇത്തരം പ്രവർത്തികൾ ആരും അനുകരിക്കരുതെന്നും ദുബൈ പൊലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലിം ബിൻ സുവൈദാൻ പറഞ്ഞു.



