പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ; യുഎസ് എയർഫോഴ്സ് -ജെറ്റ് ബ്ലു വിമാനങ്ങളുടെ അപകടം ഒഴിവായത് തലനാരിഴക്ക്

വാഷിങ്ടൺ ഡിസി : യു.എസ് എയർഫോഴ്സ്-ജെറ്റ് ബ്ലു വിമാനങ്ങളുടെ അപകടം ഒഴിവായത് തലനാരിഴക്ക്. കരീബിയൻ രാജ്യമായ കരാകോയിൽ നിന്ന് പറന്നുയർന്ന ജെറ്റ് ബ്ലു വിമാനവും യു.എസ് എയർഫോഴ്സ് വിമാനവുമാണ് ഒരേപാതയിൽ വന്നത്. ജെറ്റ് ബ്ലു വിമാനത്തിന്റെ പൈലറ്റിന്റെ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്.
ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലേക്കുള്ള ജെറ്റ്ബ്ലു 1112 വിമാനവും യു.എസ് മിലിറ്ററി വിമാനവുമാണ് ഒരേ പാതയിൽ വന്നത്. യു.എസ് എയർഫോഴ്സ് വിമാനവും ജെറ്റ് ബ്ലുവിന്റെ വിമാനവും അഞ്ച് മൈൽ മാത്രം അകലെ ഒരേപാതയിൽ വന്നുവെന്നാണ് റിപ്പോർട്ട്. സംഭവം നടന്നയുടൻ ജെറ്റ്ബ്ലുവിന്റെ പൈലറ്റ് ഇക്കാര്യം എ.ടി.സിയെ അറിയിക്കുകയായിരുന്നു.
ഫെഡറൽ അതോറിറ്റിയിൽ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എത് തരത്തിലുള്ള അന്വേഷണവും നേരിടാൻ തയാറായാണ്. എല്ലാ സാഹചര്യത്തിലും പ്രവർത്തിക്കാനുള്ള പരിശീലനം പൈലറ്റുമാർക്ക് നൽകിയിട്ടുണ്ടെന്ന് ജെറ്റ്ബ്ലു വക്താവ് പറഞ്ഞു. അതേസമയം, വാർത്തകളോട് പ്രതികരിക്കാൻ ഇതുവരെ പെന്റഗൺ തയാറായിട്ടില്ല. അസോസിയേറ്റ് പ്രസ് പോലുളള ഏജൻസികളുടെ അന്വേഷണങ്ങൾക്കും അവർ പ്രതികരിച്ചിട്ടില്ല.
നേരത്തെ വെനസ്വേലൻ ആകാശത്ത് പ്രവേശിക്കുന്ന എയർക്രാഫ്റ്റുകൾ കനത്ത ജാഗ്രത പാലിക്കണമെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു. വെനസ്വേലൻ ആകാശത്തും സമീപത്തും സൈനിക വിമാനങ്ങളുടെ സാന്നിധ്യമുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്.



