
മുംബൈ : ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സി ഇന്ന് മുംബൈയിൽ. ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിനത്തിൽ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ആദ്യ പൊതു പരിപാടി. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കുന്ന പാഡൽ ടൂർണമെന്റിൽ മെസി പങ്കെടുക്കും. അഞ്ചുമണിയോടെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സെലിബ്രിറ്റി സെവൻസ് ഫുട്ബോൾ മത്സരത്തിലും പങ്കെടുക്കുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഫാഷൻ ഷോയും പിന്നാലെ നടക്കും.
ഉച്ചയ്ക്ക് രണ്ടുമണിയോടെ തന്നെ ആരാധകരെ വാങ്കഡെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. പതിനായിരം രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കൊൽക്കത്തയിൽ നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാ വിന്യാസം മുംബൈയിൽ ഉണ്ടാകും.
ഇന്ത്യയിലെ ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് അർജന്റീന ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി ഇന്ത്യയിലെത്തിയത്. ശനിയാഴ്ച കൊൽക്കത്തയിൽ ആരംഭിച്ച പര്യടന പരിപാടികൾക്ക് തിങ്കളാഴ്ച ഡൽഹിയിൽ സമാപനമാവും. മെസ്സിയുടെ സുഹൃത്ത് കൂടിയായ സ്പോർട്സ് പ്രമോട്ടർ ശതാദ്രു ദത്തയാണ് ‘ഗോട്ട്‘ ടൂറിന്റെ സംഘാടകൻ.



