ദേശീയം

സോഷ്യൽ മീഡിയ പരിശോധന; ഇന്ത്യയിലെ എച്ച്-1ബി വിസ അപ്പോയിന്റ്‌മെന്റുകൾ കൂട്ടത്തോടെ മാറ്റിവച്ച് യുഎസ് എംബസി

വാഷിങ്ടൺ ഡിസി : അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ സാമൂഹികമാധ്യമ പരിശോധനാ നയത്തെത്തുടർന്ന് ഇന്ത്യയിലെ നിരവധി എച്ച്-1ബി വിസ അപേക്ഷകരുടെ വിസ അപ്പോയിന്റ്‌മെന്റുകൾ മാറ്റിവെച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ പുനഃക്രമീകരിച്ച തീയതികളിൽ മാത്രമേ ഹാജരാകാവൂ എന്നും ആദ്യം അപ്പോയിന്റ്മെന്റ് ലഭിച്ച തീയതിയിൽ വന്നാൽ എംബസിയിലോ കോൺസുലേറ്റിലോ പ്രവേശനം നിഷേധിക്കുമെന്നും ഇന്ത്യയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹൈദരാബാദ്, ചെന്നൈ കോൺസുലേറ്റുകളിലുൾപ്പെടെ ഇത്തരത്തിൽ നിരവധി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കിയിട്ടുണ്ട്. പല അപേക്ഷകരുടെയും ഡിസംബർ സ്ലോട്ടുകൾ മാർച്ച് 2026 ലേക്ക് മാറ്റി. ഡിസംബർ പകുതി മുതൽ അവസാനം വരെയുള്ള അഭിമുഖങ്ങൾ അടുത്ത വർഷം മാർച്ച് വരെ മാറ്റിവെക്കുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം പുനഃക്രമീകരിച്ചിരിക്കുന്നത് എത്ര വിസ അപ്പോയിന്റ്മെന്റുകളാണെന്നതിൽ വ്യക്തതയില്ല.

തൊഴിൽ വിസയായ എച്ച്1ബിക്ക് അപേക്ഷിക്കുന്നവരും എച്ച്4 വിസയ്ക്ക് അപേക്ഷിക്കുന്ന അവരുടെ ആശ്രിതരും സാമൂഹികമാധ്യമ അക്കൗണ്ടുകൾ ആർക്കും കാണാവുന്ന വിധത്തിൽ പരസ്യമാക്കണം (പബ്ലിക്) എന്ന പുതിയ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിയമമാണ് ആശങ്കയ്ക്ക് കാരണം. ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നയം, ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഹൈ-സ്‌കിൽഡ് വിസ ഉടമകൾക്കിടയിൽ വലിയ ഉത്കണ്ഠ സൃഷ്ടിച്ചിട്ടുണ്ട്. സാധാരണ സംഭാഷണങ്ങൾ, രാഷ്ട്രീയ അഭിപ്രായങ്ങൾ അല്ലെങ്കിൽ റെസ്യൂമെയിലെ തെറ്റായ വിശദാംശങ്ങൾ പോലും കൂടുതൽ പരിശോധനയ്ക്ക് കാരണമായേക്കാം. കൂടുതൽ ഇന്ത്യൻ തൊഴിലാളികളുള്ള ടെക് കമ്പനികൾ സാമൂഹികമാധ്യമ പ്രൊഫൈലുകൾ ഓഡിറ്റ് ചെയ്യാനും രാഷ്ട്രീയ മീമുകൾ ഷെയർ ചെയ്യുന്നത് ഒഴിവാക്കാനും അപേക്ഷകളിൽ പ്രൊഫഷണൽ ഇമെയിലുകൾ ഉപയോഗിക്കാനും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാർഥികൾ, രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക-വിദ്യാഭ്യാസ വിനിമയത്തിന്റെ ഭാഗമായി യുഎസിലെത്തുന്നവർ എന്നിവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളുടെ അവലോകനം മുൻപേ നിർബന്ധമാക്കിയിരുന്നു. അത് എച്ച്1 ബി, എച്ച്4 എന്നിവയ്ക്കുകൂടി ബാധകമാക്കുകയാണ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button