വനിതാ റിപ്പോർട്ടറെ നോക്കി കണ്ണിറുക്കി; പാകിസ്താൻ സൈനിക വക്താവിന്റെ വാർത്താ സമ്മേളനം വിവാദത്തിൽ

ഇസ്ലാമാബാദ് : ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ കുറിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപിതനായി പാകിസ്താന്റെ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷരീഫ് ചൗധരി വനിതാ റിപ്പോർട്ടറെ നോക്കികണ്ണിറുക്കിയത് വിവാദമായി.
ഇമ്രാൻ ഖാനെക്കുറിച്ചുള്ള വനിതാ റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടി നൽകിയ ശേഷം അവരെ നോക്കി ഒരു കണ്ണിറുക്കി കാണിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വളരെപ്പെട്ടെന്നുതന്നെ വൈറലായി. ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതി ചോദിച്ചു തുടങ്ങിയ റിപ്പോർട്ടർ തുടർച്ചയായി ഇതുസംബന്ധമായ ചോദ്യങ്ങൾ ഉന്നയിക്കുകകായിരുന്നു.
അതേസമയം, വാർത്താസമ്മേളനത്തിലുടനീളം ഇമ്രാൻ ഖാനെതിരെ ഷെരീഫ് ചൗധരി അധിക്ഷേപം നടത്തുകയായിരുന്നു. ‘ആ തന്നിഷ്ടക്കാരൻ താൻ അധികാരത്തിൽ ഇല്ലെങ്കിൽ മറ്റൊന്നും നിലനിൽക്കരുതെന്നു വിശ്വസിച്ചു.’ ഷെരീഫ് ചൗധരി കുറ്റപ്പെടുത്തി. ഇമ്രാൻ ഖാനെ ജയിലിൽ സന്ദർശിക്കുന്നവർ സൈന്യത്തിനെതിരെ വിഷം പരത്തുകയാണെന്നും ആരോപിച്ചു.
ഇമ്രാൻ ഖാന് ഇന്ത്യയിൽനിന്നു സഹായം ലഭിക്കുന്നുവോ എന്ന ചോദ്യത്തിനുള്ള മറുപടിക്കു ശേഷമായിരുന്നു സൈനിക വക്താവിന്റെ കണ്ണിറുക്കൽ. ഇതിനുമുമ്പ് റിപ്പോർട്ടർ ഇമ്രാൻ ഖാനെതിരെ ഉയർന്നുവന്ന ദേശീയ സുരക്ഷാ ഭീഷണി, ‘ഇന്ത്യയുടെ കളിപ്പാവ’ തുടങ്ങിയ ആരോപണങ്ങളെക്കുറിച്ചും ചോദിച്ചിരുന്നു.
‘ക്യാമറയുടെ മുന്നിൽ പരസ്യമായി ഇതെല്ലാം നടക്കുന്നു. പാകിസ്താനിൽ ജനാധിപത്യം അവസാനിച്ചു. പ്രധാനമന്ത്രി ഒരു പാവയാണ്.’ സാമൂഹിക മാധ്യമമായ എക്സിൽ വീഡിയോയ്ക്ക് ഒരാൾ കമന്റായി എഴുതി.



