ദേശീയം

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം : ഡല്‍ഹി വിമാനത്താവളം

ന്യൂഡൽഹി : പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ ഇന്നും വൈകാന്‍ സാധ്യതയെന്ന് ഡല്‍ഹി വിമാനത്താവളം. ചില സര്‍വീസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്നും പ്രതിസന്ധിയിലാണ്. മറ്റ് സര്‍വീസുകള്‍ പതിയെ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും യാത്രക്കാര്‍ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഡല്‍ഹി വിമാനത്താവളം മുന്നറിയിപ്പ് നല്‍കി.

‘ഇന്‍ഡിഗോ വിമാനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി ഇന്നും തുടരാനാണ് സാധ്യത. യാത്രക്കാര്‍ എയര്‍പ്പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണം’. ഡല്‍ഹി വിമാനത്താവളത്തിന്റെ ഔദ്യോഗിക എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

വിമാനസര്‍വീസിലെ പ്രതിസന്ധികള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാര്‍ക്ക് നേരിടേണ്ടിവന്ന ദുരിതത്തില്‍ ഖേദമുണ്ടെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

‘പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് യാത്ര സുഗമമാക്കുന്നതിനായി ടീം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വൈദ്യസഹായം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ഡെസ്‌കുമായി ബന്ധപ്പെടുക.’ വിമാനത്താവളം അധികൃതര്‍ പറഞ്ഞു.

വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സൗകര്യപ്രദമായ സഞ്ചാരത്തിനായി മെട്രോ, ബസ്, ടാക്‌സി മുതലായ പൊതുഗതാഗത സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വിമാനസര്‍വീസുകള്‍ മുടങ്ങിയ സംഭവത്തില്‍ ഇന്‍ഡിഗോ ഇതുവരെ 610 കോടിയോളം രൂപയുടെ റീഫണ്ട് നല്‍കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ഡിസംബര്‍ പത്താം തീയതിയോടെ പൂര്‍ണമായും സര്‍വീസുകള്‍ സാധാരണനിലയിലാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്‍ഡിഗോ വ്യക്തമാക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button