അന്തർദേശീയം

ജന്മം പൗരത്വം : ട്രംപിന്റെ ഉത്തരവ് പരിഗണിക്കാൻ യു.എസ് സുപ്രീംകോടതി

വാഷിങ്ടൺ ഡിസി : വ്യാപകമായ കുടിയേറ്റ വിരുദ്ധ നടപടികൾക്കിടെ ജനനത്തിലൂടെ ലഭിക്കുന്ന പൗരത്വം കൂടി അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമത്തിന്റെ നിയമസാധുതയിൽ തീരുമാനമെടുക്കാമെന്ന് സമ്മതിച്ച് യാഥാസ്ഥിതിക ആധിപത്യമുള്ള യു.എസ് സുപ്രീംകോടതി. ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി കീഴ്‌ക്കോടതികൾ തടഞ്ഞ വിഷയത്തിൽ സുപ്രീംകോടതി ജൂണിൽ വിധി പറയും.അതിന്റെ മുന്നോടിയായി വാക്കാലുള്ള വാദം കേൾക്കും.

അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ഏതൊരാളും സ്വാഭാവികമായി അമേരിക്കൻ പൗരൻമാരാണെന്ന് പ്രസ്താവിക്കുന്ന നിയമത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ട്രംപിന്റെ ശ്രമത്തെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ച് നിരവധി കീഴ്‌ക്കോടതികൾ തടഞ്ഞിരുന്നു.

ജനുവരി 20ന്, അധികാരമേറ്റ ആദ്യ ദിവസം തന്നെ ഇതിനെതിരിലുള്ള ഒരു എക്സിക്യൂട്ടിവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. യു.എസിൽ നിയമവിരുദ്ധമായോ താൽക്കാലിക വിസകളിലോ മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികൾ സ്വാഭാവികമായി യു.എസ് പൗരന്മാരാകില്ലെന്ന് ഉത്തരവിട്ടു. ‘യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിച്ചവരോ സ്വാഭാവികവൽക്കരിക്കപ്പെട്ടവരോ അതിന്റെ അധികാരപരിധിക്ക് വിധേയരായവരോ ആയ എല്ലാ വ്യക്തികളും യുണൈറ്റഡ് സ്റ്റേറ്റ്സിലെയും അവർ താമസിക്കുന്ന സംസ്ഥാനത്തിലെയും പൗരന്മാരാണ്’ എന്ന് പ്രസ്താവിക്കുന്ന 14-ാം ഭേദഗതിയുടെ ലംഘനമാണ് ട്രംപിന്റെഉത്തരവ് എന്ന് കീഴ്‌ക്കോടതികൾ വിധിച്ചു.

എന്നാൽ, ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാസാക്കിയ 14-ാം ഭേദഗതി രേഖകളില്ലാത്ത കുടിയേറ്റക്കാരുടെയോ താൽക്കാലിക യു.എസ് സന്ദർശകരുടെയോ കുട്ടികളുടെ അവകാശങ്ങളെയല്ല മറിച്ച് മുൻ ‘അടിമകളുടെ അവകാശങ്ങളെ’യാണ് അഭിസംബോധന ചെയ്യുന്നതെന്ന് ട്രംപ് ഭരണകൂടം വാദിച്ചു. നിയമവിരുദ്ധരായ വിദേശികളുടെ കുട്ടികൾക്ക് ജന്മാവകാശ പൗരത്വം തെറ്റായി നീട്ടിയത് അമേരിക്കക്ക് കാര്യമായ ദോഷം വരുത്തിയിട്ടുണ്ട് എന്ന് ട്രംപിന്റെ സോളിസിറ്റർ ജനറൽ ജോൺ സോവർ കോടതിയിൽ സമർപ്പിച്ച ഒരു വിശദീകരണത്തിൽ വാദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button