മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം പൂർണമായും നിർത്തലാക്കും : ട്രംപ്

വാഷിങ്ടൺ ഡിസി : മൂന്നാം ലോകരാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം പൂർണമായി നിർത്തിവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പൗരന്മാരല്ലാത്തവര്‍ക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്സിഡികളും നിര്‍ത്തലാക്കുമെന്നും ട്രംപ് പറഞ്ഞു. ജോ ബൈഡനെ ‘ഉറക്കംതൂങ്ങി’ എന്നു വിളിച്ച ട്രംപ്, ബൈഡന്റെ ഓട്ടോപെന്‍ അംഗീകാര പ്രക്രിയയിലൂടെ പ്രവേശനം ലഭിച്ച ദശലക്ഷക്കണക്കിന് നിയമവിരുദ്ധ കുടിയേറ്റങ്ങളെല്ലാം അവസാനിപ്പിക്കുമെന്നും പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.
‘‘നാം സാങ്കേതികമായി പുരോഗമിച്ചപ്പോഴും കുടിയേറ്റ നയം ആ നേട്ടങ്ങളെയും പലരുടെയും ജീവിത സാഹചര്യങ്ങളെയും ഇല്ലാതാക്കി. യുഎസിന് പൂര്‍ണമായി കരകയറാന്‍ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഞാന്‍ എന്നന്നേക്കുമായി നിര്‍ത്തിവയ്ക്കും. അമേരിക്കയ്ക്ക് ഒരു മുതല്‍ക്കൂട്ടല്ലാത്തവരെയോ, നമ്മുടെ രാജ്യത്തെ സ്‌നേഹിക്കാന്‍ കഴിവില്ലാത്തവരെയോ നീക്കം ചെയ്യും. ആഭ്യന്തര സമാധാനം തകര്‍ക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കും, പൊതുജനങ്ങള്‍ക്ക് ഭാരമാവുകയോ സുരക്ഷാ ഭീഷണിയാവുകയോ, പാശ്ചാത്യ സംസ്‌കാരവുമായി പൊരുത്തപ്പെടാതിരിക്കുകയോ ചെയ്യുന്ന ഏതൊരു വിദേശ പൗരനെയും നാടുകടത്തും.’’– ട്രംപ് പറഞ്ഞു.



