ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 56 മരണം

കൊളംബോ : ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി പെയ്ത കനത്ത മഴയിൽ ശ്രീലങ്കയിൽ 56 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 23 പേരെ കാണാതായതായും വരും മണിക്കൂറുകളും അപകടകരമാണെന്നും അധികൃതർ വ്യക്തമാക്കി.
തേയില കൃഷി കൂടുതലുള്ള ബദുള്ള ജില്ലയിൽ രാത്രിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ വീടുകൾ ഒളിച്ചുപോയി 21 പേർ മരിച്ചതായി ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ട് ചെയ്യുന്നു. 43,991 പേരെ സ്കൂളുകളിലേക്കും പൊതു ഷെൽട്ടറുകളിലേക്കും മാറ്റിപ്പാർപ്പിച്ചു.
ദ്വീപിന്‍റെ കിഴക്കൻ, മധ്യ മേഖലകളിൽ ഒരു ദിവസത്തിനുള്ളിൽ 300 മില്ലിമീറ്ററിലധികം (11.8 ഇഞ്ച്) മഴ പെയ്തതിനെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് നാശനഷ്ടങ്ങളും സംഭവിച്ചത്.
ഡിറ്റ് വാ ചുഴലിക്കാറ്റ് കരതൊടാനിരിക്കെ, ചെന്നൈയിലെ ഐഎംഡിയുടെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ നിരവധി ജില്ലകൾക്ക് മൂന്ന് മണിക്കൂർ യെലോ അലർട്ട് നൽകി. സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.



