അന്തർദേശീയം

വൈറ്റ് ഹൗസ് വെടിവെപ്പ് : പരിക്കേറ്റ നാഷണൽ ഗാർഡ് അംഗം മരിച്ചു; രണ്ടാമന്റെ നില ​ഗുരുതരം

വാഷിങ്ടൺ ഡിസി : അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാഷണൽ ​ഗാർഡ് അം​ഗം മരിച്ചു. വെസ്റ്റ് വിർജീനിയ സ്വദേശി സാറാ ബെക്ക്സ്ട്രോം (20) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

വെടിയേറ്റ മറ്റൊരു നാഷണൽ ഗാർഡ് അംഗമായ ആൻഡ്രൂ വൂൾഫ് (24) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. സൈനികർക്കു നേരെ വെടിവച്ച റഹ്മാനുല്ല ലഖൻവാൾ (29) അഫ്ഗാൻ യുദ്ധകാലത്ത് യുഎസ് സൈന്യത്തിനു വേണ്ടി പ്രവർത്തിച്ചയാളാണെന്ന് സിഐഎ സ്ഥിരീകരിച്ചു.

റഹ്മാനുല്ലയുടെ യുഎസ് സൈനിക ബന്ധം യുഎസ് ഇന്‍റലിജന്‍സ് ഏജന്‍സിയായ സിഐഎയുടെ ഡയറക്‌ടർ ജോൺ റാറ്റ്ക്ലിഫാണ് സ്‌ഥിരീകരിച്ചത്. റഹ്മാനുല്ല യുഎസ് സൈന്യത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്‌തിയാണെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും സ്ഥിരീകരിച്ചു.

താലിബാനെതിരായ പോരാട്ടത്തിൽ യുഎസ് സൈന്യത്തെ സഹായിച്ചവർക്ക് യുഎസിലേക്ക് കുടിയേറ്റത്തിന് ബൈഡൻ ഭരണകൂടം അനുവദിച്ച പദ്ധതി വഴി 2021 ലാണ് റഹ്മാനുള്ള അമേരിക്കയിലെത്തുന്നത്. വെടിവെപ്പിൽ എഫ്ബിഐ അന്വേഷണം നടത്തി വരികയാണ്. പരിക്കേറ്റ റഹ്മാനുല്ല ലഖൻവാൾ കസ്റ്റഡിയിൽ ചികിത്സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button