യുഎസിൽ ഉടമസ്ഥൻ പരിപാലിക്കാൻ ഏൽപ്പിച്ച മൂന്ന് നായകളുടെ ആക്രമണത്തിൽ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ടെക്സസ് : ഉടമസ്ഥൻ പരിപാലിക്കാൻ ഏൽപ്പിച്ച് പോയ മൂന്ന് നായകളുടെ ആക്രമണത്തിൽ 23കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ടൈലർ വിദ്യാർത്ഥിനി മാഡിസൺ റൈലി ഹൾ(23) ആണ് മരിച്ചത്. ടൈലർ സിറ്റിയിലെ റെസിഡൻഷ്യൽ ഏരിയയിലെ വീട്ടിലാണ് സംഭവം നടന്നത്. പഠനത്തോടൊപ്പം ചെറുജോലികൾ ചെയ്ത് വരുമാനം കണ്ടെത്തുന്ന യുവതി, നായകളെ പരിപാലിക്കാനുള്ള ജോലിയാണ് ചെയ്തിരുന്നത്. ഉടമസ്ഥനില്ലാതിരുന്ന വീട്ടിൽ നായകളെ പരിപാലിക്കുന്നതിനിടെയാണ് മൂന്ന് നായകളും ചേർന്ന് 23കാരിയെ കടിച്ചുകൊന്നത്.
ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേഷനിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു മാഡിസൺ റൈലി ഹൾ. നവംബർ 21 വെള്ളിയാഴ്ച വൈകുന്നേരം 4:15 ഓടെയാണ് സംഭവം നടന്നത്. നായ്ക്കൾ ഇവരെ ക്രൂരമായി ആക്രമിക്കുന്നത് കണ്ട് അയൽവാസിയായ ആളാണ് പൊലീസിനെ വിളിച്ചത്.. പൊലീസെത്തിയപ്പോൾ സംഭവം നടന്ന വീടിൻ്റെ പുറകുവശത്ത് ദേഹമാസകലം മുറിവേറ്റ നിലയിൽ കിടക്കുകയായിരുന്നു യുവതി.
മാഡിസണെ രക്ഷിക്കാൻ ശ്രമിച്ച പൊലീസിന് നേർക്കും പട്ടികൾ ആക്രമിക്കാൻ ഓടിയെത്തി. ഇതിൽ ഒരു പട്ടിയെ പൊലീസ് വെടിവച്ച് കൊന്നു. മറ്റ് രണ്ട് പട്ടികളെ കസ്റ്റഡിയിലെടുത്തു. മകൾ വലിയ മൃഗസ്റ്റേഹിയായിരുന്നെന്ന് അമ്മ ഓർമിച്ചു. നായ്ക്കളുടെ ഉടമകൾക്കെതിരെ കേസെടുക്കണോയെന്ന കാര്യത്തിൽ തീരുമാനം പിന്നീട് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.



