ഗസ്സയിലെ കുഞ്ഞുങ്ങൾക്കായി ഓടിയെത്താൻ ഫ്രാൻസിസ് മാർപാപ്പയുടെ വാഹനം മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കായി

ബെത്ലഹേം : ഫ്രാൻസിസ് മാർപാപ്പ സഞ്ചരിച്ച ‘പോപ്പ്മൊബൈല്‍’ എന്ന വാഹനം ഗസ്സയിലെ കുഞ്ഞുങ്ങൾക്കുള്ള മരുന്നും കരുതലുമായി ഓടിയെത്തും. 2014ൽ ബെത്ലഹേം സന്ദർശിച്ചപ്പോൾ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ച വാഹനമാണ് സഞ്ചരിക്കുന്ന ആശുപത്രിയായി രൂപം മാറി, ഗസ്സയ്ക്കുള്ള സ്നേഹോപഹാരമാക്കുന്നത്.
ദിവസം 200 കുട്ടികളെ ചികിത്സിക്കാനാകും. കാത്തലിക് സംഘടനയായ കാരിത്താസിന്റെ മേൽനോട്ടത്തിൽ മൊബൈൽ പീഡിയാട്രിക് ക്ലിനിക്കായി രൂപം മാറ്റിയെടുത്ത വാഹനം ഇപ്പോൾ പ്രവർത്തനസജ്ജമായിട്ടുണ്ട്.
ഗസ്സക്ക് നല്‍കുന്നത് കേവലമൊരു വാഹനം മാത്രമല്ലെന്നും, മുറിവേറ്റ കുഞ്ഞുങ്ങളെ ലോകം മറക്കുന്നില്ലെന്ന സന്ദേശമാണെന്നും കാരിത്താസ് സ്വീഡന് സെക്രട്ടറി ജനറല്‍ പീറ്റര്‍ ബ്രൂണെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 21നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചത്. ഗസ്സയിലെ ഇസ്രായേൽ ആക്രമണം നിര്‍ത്തണമെന്ന് അദ്ദേഹം പലകുറി ആവശ്യപ്പെട്ടിരുന്നു.
ഫ്രാൻസിസ് മാർപാപ്പ ബത്ലഹമിൽ വന്നപ്പോൾ ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസാണ് മിറ്റ്സുബിഷി പിക്കപ്പ് വാഹനം അദ്ദേഹത്തിന് സഞ്ചരിക്കാനായി സമ്മാനിച്ചത്. അതേസമയം ഇസ്രായേൽ ഇപ്പോഴും ആക്രമണം തുടരുന്ന ഗസ്സയിൽ ക്ലിനിക്കിന് എന്ന് എത്താനാകുമെന്ന് അറിയില്ല.



