യുഎസിൽ ഇന്ത്യൻ കുടുംബത്തിന് നേരെ പെപ്പർ സ്പ്രേ പ്രയോഗം നടത്തി യുവതി

വാഷിംഗ്ടൺ ഡിസി : അമേരിക്കയിലെ സാൻ അന്റോണിയോയിൽ യുവതിയുടെ പെപ്പർ സ്പ്രേ പ്രയോഗത്തിൽ ഇന്ത്യൻ കുടുംബത്തിന് പരിക്ക്. കുഞ്ഞ് ഉൾപ്പെടെ ഉള്ളവർക്കാണ് പരിക്കേറ്റത്. പെപ്പർ സ്പ്രേ പ്രയോഗിക്കുന്നതിന് മുമ്പ് യുവതി എല്ലാവരോടും ആക്രോശിക്കുകയും തുടർന്ന് സ്പ്രെ പ്രയോഗിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. ഫോണിന്റെ ശബ്ദം കുറക്കാൻ പറഞ്ഞതായിരുന്നു പ്രകോപനം.
ശനിയാഴ്ച വൈകുന്നേരം ഗോ റിയോ ബോട്ട് ടൂറിനിടെയാണ് സംഭവമുണ്ടായത്. ബോട്ടിൽ നിന്ന് ഇറങ്ങിയ ശേഷം സ്ത്രീ യാത്രക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് ഒരു ചെറിയ കുട്ടി ഉൾപ്പെടെ ബോട്ടിലുണ്ടായിരുന്ന എട്ട് പേർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയുമായിരുന്നു.
ബോട്ട് ഓപ്പറേറ്റർ സ്ത്രീയോട് ഫോണിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതായി സാൻ അന്റോണിയോ പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അവർ പ്രകോപിതയായപ്പോൾ ഓപ്പറേറ്റർ ബോട്ട് നിർത്തി അവർക്ക് ഇറങ്ങാൻ അവസരം നൽകി. ബോട്ടിൽ നിന്ന് ഇറങ്ങിയശേഷം യുവതി അടുത്തുള്ള പാലത്തിലേക്ക് നീങ്ങുകയും ശേഷം ബാഗിൽ നിന്ന് പെപ്പർ സ്പ്രേ എടുത്ത് യാത്രക്കാർക്ക് നേരെ പ്രയോഗിച്ചുവെന്നും ദൃക്സാക്ഷികൾ പറയുന്നു.സംഭവത്തിൽ യാത്രക്കാർ പരാതി നൽകിയിട്ടുണ്ട്.



