പെഷാവറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ പെഷാവറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം. അജ്ഞാതരായ രണ്ട് ആയുധധാരികളാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക പൊലീസിനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മൂന്നുപേരാണ് ഇവിടെ കൊല്ലപ്പെട്ടത്. പാക്കിസ്ഥാന്റെ അർധസൈനിക വിഭാഗമായ എഫ്സിയുടെ ആസ്ഥാനത്താണ് ആക്രമണമെന്നും പ്രദേശം സുരക്ഷാസേന വളഞ്ഞുവെന്നും പ്രാദേശിക മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു.
ആദ്യത്തെ ചാവേർ എഫ്സിയുടെ പ്രധാന പ്രവേശന കവാടത്തിലാണ് ആക്രമണം നടത്തിയത്. അടുത്തയാൾ കോംപൗണ്ടിനുള്ളിൽ കടന്നു. സൈന്യവും പൊലീസും ഉടൻതന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തുനിന്ന് പലവട്ടം സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിവിധ വിഡിയോകളും പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ഈ വർഷം ആദ്യം ക്വറ്റയിലെ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തും കാർ ബോംബ് സ്ഫോടനം ഉണ്ടായിരുന്നു. അന്ന് 10 പേരാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേർക്കു പരുക്കേറ്റിരുന്നു.



