ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ വ്യോമാക്രമണത്തിൽ വധിച്ചു : ഇസ്രായേൽ

ബൈറൂത് : ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ. ബൈറൂത്തിൽ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്സം അലി ത്വബത്വബായിയാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റു. ഹിസ്ബുല്ലയുടെ സംഘടനാബലം ശക്തിപ്പെടുത്താനും ആയുധ ശേഖരം മെച്ചപ്പെടുത്താനും ചുമതലയുള്ളയാളാണ് ത്വബത്വബായി.
ബൈറൂതിന്റെ തെക്കൻ മേഖലയിലാണ് ആക്രമണമുണ്ടായതെന്ന് ലബനാൻ ഔദ്യോഗിക വാർത്ത ഏജൻസിയായ നാഷനൽ ന്യൂസ് ഏജൻസി പറഞ്ഞു. ഹാറത് ഹരീക് മേഖലയിലെ കെട്ടിടത്തിൽ മൂന്ന് മിസൈലുകളാണ് പതിച്ചത്. വാഹനങ്ങൾക്കും തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ടായി. ഒമ്പതുനില കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് ആക്രമണമുണ്ടായതെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
യു.എസ് മധ്യസ്ഥതയിൽ ഒരുവർഷം മുമ്പ് ഒപ്പുവെച്ച വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് ലവൊൻ തലസ്ഥാനത്ത് ഇസ്രായേൽ ആക്രമണം നടത്തിയത്.



