കേരളം
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരത്ത് യുവതി മരിച്ചു

തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനിൽ എൻ ജെ വിഷ്ണുവിന്റെ ഭാര്യ കെ വി വിനയയാണ് മരിച്ചത്. 26 വയസ്സായിരുന്നു.
കഴിഞ്ഞ 40 ദിവസമായി ചികിത്സയിലായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയത്. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിനയയുടെ വീട്ടിൽ നിന്നു ശേഖരിച്ച ജല സാംപിളിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് മസ്തിഷ്കജ്വരം ബാധിച്ച് ഈ മാസം ചികിത്സ തേടിയ 17 പേരിൽ 7 പേരാണ് മരിച്ചത്. ഈ വർഷം ഇതുവരെ 170 പേർക്കാണ് രോഗം ബാധിച്ചത്. 40 പേർക്ക് ജീവൻ നഷ്ടമായി. തിരുവനന്തപുരം ജില്ലയിൽ ഇതിനകം 8 പേർ മരിച്ചു.



