എപ്സ്റ്റീന് ഫയലുകള്‍ പുറത്തേക്ക്; യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ച ബില്ലില്‍ ഒപ്പുവച്ച് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി : ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ വെളിച്ചം കാണുന്നു. യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ച ബില്ലിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരം. ബില്ലില്‍ ഒപ്പുവച്ചതായി ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു. ഇന്നലെയാണ് യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും ബില്ല് പാസാക്കി പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയച്ചത്.
‘നമ്മുടെ അത്ഭുതകരമായ വിജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ എപ്സ്റ്റീന് വിഷയം ഡെമോക്രാറ്റുകള്‍ ഉപയോഗിച്ചിട്ടുണ്ട്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേക്കാള്‍ ഡെമോക്രാറ്റുകളെയാണ് എപ്സ്റ്റീന് ഫയലുകള്‍ ബാധിക്കുക’. എന്നും ബില്ലില്‍ ഒപ്പുവച്ചതായി പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് നേരത്തെ തന്നെ എപ്സ്റ്റീന് ഫയല്‍ലുകള്‍ പുറത്തുവിടാന്‍ ട്രംപിന് കഴിയുമായിരുന്നു. എന്നാല്‍ യുഎസ് കോണ്‍ഗ്രസില്‍ ബില്‍ പാസാക്കിയ ശേഷം മാത്രം കൈക്കൊണ്ട തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. ഈ വിഷയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ട്രംപിന്റെ പ്രതികരണവും.
എപ്സ്റ്റീന് ഫയല്‍സില്‍ ട്രംപിന്റെ പേരുണ്ടെന്നും, ലൈംഗിക കുറ്റവാളിയുമായുള്ള ട്രംപിന് വലിയ അടുപ്പം ഉണ്ടായിരുന്നു എന്നും പലതവണ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ആരോപണം ആവര്‍ത്തിച്ച് നിഷേധിച്ച ട്രംപ് ഫയലുകള്‍ പുറത്തുവിടാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെ ട്രംപിന്റെ പേര് പരാമര്‍ശിക്കുന്ന തരത്തില്‍ എപ്സ്റ്റിന്റെ ചില മെയിലുകള്‍ പുറത്തുവന്നതോടെ ട്രംപ് നിലപാട് മാറ്റുകയായിരുന്നു.
ഫെഡറല്‍ ജയിലില്‍ തടവില്‍ കഴിയുന്നതിനിടെ എപ്സ്റ്റീന് മരിച്ചതിനെക്കുറിച്ചുള്ള അന്വേഷണ വിവരങ്ങള്‍, എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍, ആശയവിനിമയങ്ങളും എന്നിവ 30 ദിവസത്തിനുള്ളില്‍ പുറത്തുവിടണമെന്ന് നീതിന്യായ വകുപ്പിനോട് നിര്‍ദേശിക്കുന്നതാണ് ട്രംപ് ഒപ്പുവച്ച ബില്‍. ഇരകളുടെ വിവരങ്ങള്‍ മറച്ചുവയ്ക്കാമെങ്കിലും നാണക്കേട്, പ്രശസ്തിക്ക് ഹാനികരം, രാഷ്ട്രീയ പ്രശ്നങ്ങള്‍ എന്നിവയുടെ പേരില്‍ വിവരങ്ങള്‍ തടഞ്ഞുവയ്ക്കാന്‍ കഴിയില്ല.



