ചിലി ഇന്ന് പോളിങ് ബൂത്തിലേക്ക്

സാന്റിയാഗോ : ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിൽ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഞായറാഴ്‌ച നടക്കും. ചിലി കമ്യൂണിസ്‌റ്റ് പാർടി നേതാവും നിലവില്‍ തൊഴിൽമന്ത്രിയുമായ ജെനറ്റ് ജാരയും തീവ്രവലത് കക്ഷിയായ റിപ്പബ്ലിക്കൻ പാർടി നേതാവ് ഹൊസെ അന്റോണിയോ കാസ്റ്റും തമ്മിലാണ് പ്രധാന മത്സരം. 2021ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവും നിലവിലെ പ്രസിഡന്റുമായ ഗബ്രിയേൽ ബോറിക്കിനോട് പരാജയപ്പെട്ടയാളാണ് ഹൊസെ അന്റോണിയോ കാസ്റ്റ്.
ഞായറാഴ്‌ചത്തെ തെരഞ്ഞെടുപ്പിൽ ആര്‍ക്കും 50 ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ ഡിസംബർ 14ന് രണ്ടാം വട്ട വോട്ടെടുപ്പ് നടത്തും. 1.57 കോടി വോട്ടർമാരാണ് വിധിയെഴുതുക. അഭിപ്രായ സർവെകളിൽ ജെനറ്റ് ജാരയ്‌ക്കാണ് മുൻതൂക്കം. കമ്യൂണിസ്റ്റ് പാർടി ഉൾപ്പെടുന്ന ഭരണകക്ഷിയായ ഇടതുപക്ഷ “യൂണിറ്റി ഫോർ ചിലി” സഖ്യത്തിന്റെ സ്ഥാനാർഥിയായാണ് ജെനറ്റ് ജാര മത്സരിക്കുന്നത്. തീവ്ര വലതുനേതാവ് ജോഹന്നാസ് കൈസറും മത്സരത്തിനുണ്ട്.



