സ്റ്റോക്കോമിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഡബിൾ ഡക്കർ ബസ് ഇടിച്ചുകയറി; മൂന്ന് മരണം

സ്റ്റോക്ഹോം : സ്വീഡൻ തലസ്ഥാനമായ സ്റ്റോക്കോമിലെ ഒരു ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഡബിൾ ഡക്കർ ബസ് ഇടിച്ചുകയറി. 3 പേർ മരിച്ചെന്നും 3 പേർക്കു പരുക്കേറ്റെന്നും സ്റ്റോക്ഹോം രക്ഷാപ്രവർത്തന വിഭാഗം വക്താവ് പറഞ്ഞു. അപകടസമയത്ത് ബസിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സർവകലാശാലയുടെ സമീപമാണ് അപകടമുണ്ടായത്. പൊലീസ്, രക്ഷാപ്രവർത്തന വിഭാഗം, ആംബുലൻസുകൾ എന്നിവർ സംഭവസ്ഥലത്ത് പ്രവർത്തിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അപകട കാരണം സംബന്ധിച്ച് വ്യക്തതയില്ലെന്നും ഈ സമയം തന്റെ ചിന്തകൾ ദുരിതബാധിതരിലും അവരുടെ കുടുംബാംഗങ്ങളിലുമാണെന്നും സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്സൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
മനപൂർവമല്ലാത്ത നരഹത്യ എന്ന നിലയിലാണ് അന്വേഷണം നടക്കുന്നതെന്നും ബസ് ഡ്രൈവറെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. ബസ് മനപൂർവം ആൾക്കൂട്ടത്തിലേക്കു വാഹനം ഇടിച്ചുകയറ്റിയതാണോ എന്നതു സംബന്ധിച്ച് വിവരമൊന്നും ലഭ്യമല്ലെന്നും പൊലീസ് അറിയിച്ചു.



