പാകിസ്ഥാന്‍ കോടതിക്ക് മുന്നില്‍ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലാമബാദ് : പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ജില്ലാകോടതിക്ക് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെങ്കിലും ചാവേര്‍ ആക്രമണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്‌ഫോടനത്തില്‍ കോടതിക്ക് പുറത്ത് നിര്‍ത്തിയിട്ട നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. പരിക്കേറ്റവരില്‍ കുടുതല്‍ പേരും കോടതിയില്‍ വാദം കേല്‍ക്കാന്‍ എത്തിയവരായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ തിരക്കുള്ള പ്രദേശത്താണ് സഫോടനം ഉണ്ടായത്. എന്ത് തരത്തിലുള്ള ആക്രമണമാണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും, ഫോറന്‍സിക് റിപ്പോര്‍ട്ടിന് ശേഷമേ കൂടുതല്‍ വ്യക്തത ലഭിക്കുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചോരപുരണ്ട നിരവധിപേര്‍ വീണുകിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉഗ്രശബ്ദത്തോടെയായിരുന്നു സ്‌ഫോടനമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോടതിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി കത്തിയമര്‍ന്ന വാഹനങ്ങളിലെ തീയണച്ചു.



