കേരളം

തൊഴില്‍തട്ടിപ്പ് : മ്യാൻമാറിൽ നിന്ന് രക്ഷപെട്ട മലയാളികളെ ഇന്ന് നാട്ടിലെത്തിക്കും

തിരുവനന്തപുരം : തൊഴില്‍തട്ടിപ്പിനും മനുഷ്യക്കടത്തിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും കുപ്രസിദ്ധമായ മ്യാൻമാറിലെ മ്യാവാഡി ടൗൺഷിപ്പിലുള്ള കെ.കെ പാർക്ക് സൈബർ കുറ്റകൃത്യ കേന്ദ്രത്തിൽ നിന്നും 578 ഇന്ത്യക്കാരെ രക്ഷപെടുത്തി. ഇവരിൽ 15 പേര്‍ മലയാളികളാണ്. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തായ്ലന്റിലെ മെയ് സോട്ടില്‍ നിന്നും ഡല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമത്താവളത്തിൽ ഇവരെ എത്തിച്ചു.

ആദ്യ വിമാനത്തിലെത്തിയ ഒരാളെ കഴിഞ്ഞദിവസം നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു. ബാക്കിയുളള 14 പേരെ ഇന്ന് നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ എത്തിക്കും.

ഒക്ടോബറിൽ മ്യാൻമാർ സൈന്യം കെ.കെ. പാർക്ക് സമുച്ചയത്തില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ അതിര്‍ത്തി കടന്ന് തായാലന്റില്‍ എത്തിയത്. തുടര്‍ന്ന് അനധികൃതമായി പ്രവേശിച്ചതിന് ഇവര്‍ തായാലന്റ് അധികൃതരുടെ പിടിയിലുമായി.

ബാങ്കോക്കിലെ ഇന്ത്യൻ എംബസിയുടേയും ചിയാങ്ങ് മായിയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും ഇടപെടലില്‍ തായ്‌ലൻഡ് സർക്കാരിന്റെ പിന്തുണയോടെയാണ് ഇവരെ നാട്ടിലെത്തിച്ചത്.

വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാര്‍ വഴി സൈബർ കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധമായ മ്യാന്‍മാര്‍ തായലന്റ് അതിര്‍ത്തി മേഖലയിലെ വ്യാജ കോൾ സെന്ററുകളില്‍ സൈബർ കുറ്റകൃത്യങ്ങള്‍ (സ്കാമിങ്ങ്) ചൂതാട്ടം, കളളപ്പണ ഇടപാടുകള്‍, ഓൺലൈൻ പ്രണയ തട്ടിപ്പുകൾ, നിക്ഷേപ തട്ടിപ്പുകൾ എന്നിവ ഉള്‍പ്പെടെ ചെയ്യാന്‍ നിര്‍ബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവര്‍.

മ്യാൻമാർ സൈന്യം കെ.കെ. പാർക്ക് സമുച്ചയത്തില്‍ നടത്തിയ റെയ്ഡില്‍ 445 വനിതകള്‍ ഉള്‍പ്പെടെ 2200 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു.

വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നോര്‍ക്ക ഓപ്പറേഷന്‍ ശുഭയാത്രയിലൂടെ പരാതിപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രൻസ് , കേരളാ പോലീസ്, നോര്‍ക്ക റൂട്ട്സ്, എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പരാതികള്‍ [email protected], [email protected] എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാം.

അംഗീകാരമുളള ഏജന്‍സികള്‍ വഴിയോ നിയമപരമായോ മാത്രമേ പഠനത്തിനോ ഉദ്യോഗത്തിനോ വിദേശരാജ്യത്തേയ്ക്ക് യാത്രകള്‍ ചെയ്യാവൂ. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്ബ്പോര്‍ട്ടല്‍ (www.emigrate.gov.in) മുഖേന റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് ലൈസന്‍സുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ് എന്നും അധികൃതർ ഓർമ്മപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button