ദേശീയം

ഡൽഹി സ്ഫോടനം : കാർ ഓടിച്ചത് കറുത്ത മാസ്കിട്ട ആൾ; യുഎപിഎ ചുമത്തി കേസ്

ന്യൂ‍‍ഡൽഹി : രാജ്യത്തെ നടുക്കിയ ഡൽഹി ചെങ്കോട്ടയിലെ ഉ​ഗ്ര സ്ഫോടനത്തിൽ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. ചാന്ദ്നിചൗക് പൊലീസാണ് കേസെടുത്തത്. പൊട്ടിത്തെറിയ്ക്കിരയാക്കിയ കാർ ഹരിയാന രജിസ്ട്രേഷൻ ഹ്യുണ്ടായ് ഐ20യാണ്. കാർ ഡൽഹിയിൽ പലയിടങ്ങളിലായി ചുറ്റിക്കറങ്ങിയെന്നു കണ്ടെത്തിയിട്ടുണ്ട്. നടന്നത് ചാവേർ ബോംബാക്രമണമാണെന്ന നി​ഗമനത്തിലാണ്. ഭീകരാക്രമണമെന്ന സാധ്യത തള്ളിക്കളയാതെയാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭാ തെര‍ഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യാതിർത്തികളിലും സുരക്ഷ കർശനമാക്കി. ചാന്ദ്നി ചൗക് മാർക്കറ്റ് ഇന്ന് അടച്ചിടും.

8 പേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. അതേസമയം 13 പേർ മരിച്ചതായി അനൗദ്യോ​ഗിക കണക്കുകളുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. നിലവിൽ 30ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. ചിലരുടെ നില ​ഗുരുതരമായി തുടരുന്നു.

കാറിന്റെ ആദ്യ ഉടമ മുഹമ്മദ് സൽമാൻ എന്നയാളായിരുന്നു. ഇയാൾ പിന്നീട് പുൽവാമ സ്വ​ദേശിയായ താരിഖ് എന്നയാൾക്ക് വാഹനം വിറ്റു. ഇതിൽ സൽമാൻ എന്നയാളെ ഹരിയാനയിലെ ​ഗുരു​ഗ്രാമിൽ വച്ച് അറസ്റ്റ് ചെയ്തു.

കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിങ് ​ഗ്രൗണ്ടിൽ നിന്നു കാറുമായി പുറത്തേക്കിറങ്ങുന്ന ​ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മാസ്ക് ധരിച്ചയാൾ കാർ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനത്തിന്റെ മുൻ സീറ്റിൽ ആരുമുണ്ടായിരുന്നില്ല. കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്ന് മണിക്കൂറോളം നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നു സൂചനകളുണ്ട്. തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്നാണ് വിവരം.

ട്രാഫിക്ക് സി​ഗ്നലിൽ കാർ പെട്ടതോടെ മാർക്കറ്റിനു സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടെന്നാണ് പൊലീസ് നി​ഗമനം. സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. നൂറോളം സിസിടിവി ​ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇന്നലെ വൈകീട്ട് 6.52ഓടെയാണ് ചെങ്കോട്ടയ്ക്ക് സമീപം രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഉ​ഗ്ര സ്ഫോടനത്തിന്റെ ശബ്ദം രണ്ടര കിലോമീറ്റർ ദൂരെ വരെ കേട്ടതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. ലാൽകില മെട്രോ സ്റ്റേഷനു മുന്നിൽ ട്രാഫിക്ക് സി​ഗ്നലിനു മുന്നിലേക്ക് വേ​ഗം കുറച്ചെത്തിയ ഹ്യുണ്ടായ് ഐ20 കാർ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ഫോടനം നടക്കുമ്പോൾ സമീപത്തുണ്ടായിരുന്ന കാറുകൾ, ഓട്ടോറിക്ഷകൾ, സൈക്കിൾ റിക്ഷകൾ എന്നിവയടക്കം 22 ഓളം വാഹനങ്ങൾ തകർന്നു. പൊട്ടിത്തെറിക്കു പിന്നാലെ ഒരു തീ ​ഗോളം ആകാശത്തേക്ക് ഉയർന്നതായും ​ദൃക്സാക്ഷികൾ പറയുന്നു. സമീപമുള്ള വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. സാഹചര്യ തെളിവുകളെല്ലാം ഭീകരാക്രമണത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ടെങ്കിലും സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button