ഇന്ത്യയിലേയ്ക്ക് പോകരുത്, അവിടെ വൃത്തിയില്ലെന്ന് അവര്‍ പറഞ്ഞു; കേരളം സിനിമ പോലെയെന്ന് വിദേശ സഞ്ചാരി

കേരളത്തെ പ്രകീര്‍ത്തിച്ച് വിദേശ സഞ്ചാരി. കേരളത്തിലെ വര്‍ക്കലയില്‍ എത്തിയ എമ്മ എന്ന സ്ഞ്ചാരിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമയിലെന്ന പോലത്തെ അനുഭവമാണ് തനിക്കുണ്ടായതെന്നാണ് എമ്മയുടെ പ്രതികരണം. ഇന്ത്യയിലേക്ക് പോകരുത്, അവിടം വൃത്തിയില്ലാത്തയിടമെന്നാണ് തന്നോട് എല്ലാവരും പറഞ്ഞത്. എന്നാല്‍, ആ പറഞ്ഞത് ശരിയല്ലെന്ന് കാണിക്കാന്‍ താനിവിടെ ഉണ്ടെന്നും എമ്മ പറയുന്നു. കേരളത്തിലെ വര്‍ക്കലയിലാണ് താനെന്നും സിനിമയില്‍ നിന്ന് ഇറങ്ങിവന്ന ഒരു സ്ഥലം പോലെയുണ്ട് ഇവിടെന്നും എമ്മ വ്യക്തമാക്കുന്നു.
വര്‍ക്കലയില്‍ നിന്നുള്ള വിഡിയോയ്ക്ക് ഒപ്പം മനോഹരമായ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങള്‍ ഇതിനോട് യോജിക്കുന്നുണ്ടോ? ഇന്ത്യയിലേക്ക് പോകരുതെന്ന് നിരവധി ആളുകള്‍ എന്നോട് പറഞ്ഞു. മാലിന്യം നിറഞ്ഞ, താറുമാറായ, തട്ടിപ്പുകള്‍ നിറഞ്ഞ സ്ഥലമാണ് ഇന്ത്യയെന്നാണ് എല്ലാവരും പറഞ്ഞത്. എന്നാല്‍ അതല്ല ഇന്ത്യയുടെ പൂര്‍ണചിത്രമെന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ ഇവിടെ എത്തിയിരിക്കുകയാണ്. കേരളത്തിലെ വര്‍ക്കലയിലാണ് ഞാന്‍. സിനിമയില്‍ നിന്ന് ഒരു സ്ഥലം നേരിട്ട് ഇറങ്ങി വന്നതു പോലെയാണ് ഇവിടം. ക്ലിഫില്‍ നിരനിരയായി നില്ക്കുന്ന ഈന്തപ്പനകള്‍, താഴെ ആഞ്ഞടിക്കുന്ന തിരമാലകള്‍, ഇന്ത്യയെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കുന്ന എല്ലാ കഥകളും മറക്കാന്‍ പ്രേരിപ്പിക്കുന്ന സൂര്യാസ്തമയങ്ങള്‍. കേരളത്തെക്കുറിച്ചുള്ള ആഖ്യാനത്തെ തന്നെ ഇത് മാറ്റിമറിക്കുന്നു. ഇത് വൃത്തിയുള്ളതും ശാന്തമായതും അവിശ്വസനീയമാം വിധം സുന്ദരവുമാണ്. ബീച്ചുകള്‍ ശാന്തമാണ്. ഇവിടെയുള്ള നാട്ടുകാര്‍ ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഫ്രണ്ട്ലിയാണ്. ഇവിടുത്തെ ഭക്ഷണം വേറെ ലെവല്‍ ആണ്.’
കേരളവും വര്‍ക്കലയും സന്ദര്‍ശിച്ചിട്ടുള്ള നിരവധി വിദേശ സഞ്ചാരികള്‍ തങ്ങളുടെ അനുഭവം കമന്റ് ബോക്സില്‍ പങ്കുവച്ചിട്ടുണ്ട്. ബീച്ചല്ലാതെ വേറെ എന്തെങ്കിലും കേരളത്തില്‍ ഉണ്ടോ എന്ന് ചോദിക്കുന്ന ഒരു വിദേശസഞ്ചാരിക്ക് അനു ജോര്‍ജ് എന്നയാള്‍ മനോഹരമായ മറുപടി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇല്ലാത്തതായി ഒന്നുമില്ല. കടല്‍ത്തീരങ്ങള്‍, വനങ്ങള്‍, ഹില്‍ടോപ്പുകള്‍, കായല്‍, നല്ല കാലാവസ്ഥ, മനോഹരമായ വെള്ളച്ചാട്ടങ്ങള്‍, നല്ല ഭക്ഷണം, സംസ്കാരം, പിന്നെ ഞങ്ങളുടെ ആതിഥ്യമര്യാദ’ ഇങ്ങനെയാണ് അനു മറുപടി നല്‍കുന്നത്.
അടുത്തിടെ തായ്ലന്ഡില് നിന്ന് എത്തിയ വിനോദസഞ്ചാരിയായ അലക്സ് വാണ്ടേര്‍സിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിന്നു. ‘കേരള, എനിക്ക് നിരാശ തോന്നുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വര്‍ക്കല ക്ലിഫില്‍ നിന്നുള്ള വിഡിയോ അലക്സ് പങ്കുവച്ചിരിക്കുന്നത്. ‘ഭൂമിയിലെ മനുഷ്യരെ, എന്തുകൊണ്ടാണ് നിങ്ങളിങ്ങനെ’ എന്ന വാചകം പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളുമായി ഓണ്‍ലൈനില്‍ സഞ്ചാരികള്‍ സംവാദം തുടരുകയാണ്.



