കേരളം

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 12മണിക്ക്

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തി തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ആണ് തീയതി പ്രഖ്യാപിക്കുക. ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി.

ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് വിവരം. ഡിസംബര്‍ 20ന് മുന്‍പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയേക്കും. പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വേഗത്തിലാക്കിയിട്ടുണ്ട്. പല തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാവധി മുന്നേറി സംസ്ഥാന ഭരണത്തിന് തുടര്‍ച്ച ഉണ്ടാക്കുകയാണ്് എല്‍ഡിഎഫ് ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടം സ്വന്തമാക്കി ആ ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്.

അന്തിമ വോട്ടര്‍പ്പട്ടിക ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടിച്ചേര്‍ക്കലുകള്‍ക്കായി അനുവദിച്ച രണ്ടുദിവസത്തെ അപേക്ഷകള്‍കൂടി പരിഗണിച്ച് 14ന് അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കും. 2020 ഡിസംബര്‍ 21നാണ് നിലവിലുള്ള ഭരണസമിതികള്‍ ചുമതലയേറ്റത്. പുതിയ സമിതികള്‍ ഡിസംബര്‍ 21ന് ചുമതലയേല്‍ക്കണം. അതിനുമുന്‍പ് ഫലം പ്രഖ്യാപിച്ച്, പുതിയ ഭരണസമിതികള്‍ തെരഞ്ഞെടുക്കപ്പെട്ടതായി വിജ്ഞാപനം ഇറക്കുകയും വേണം. 941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, മട്ടന്നൂര്‍ ഒഴികെ 86 മുനിസിപ്പാലിറ്റി, ആറ് കോര്‍പറേഷന്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 വരെയാണ്.

സംവരണ വാര്‍ഡുകളുടെയും തദ്ദേശ സ്ഥാപന അധ്യക്ഷരുടെയും നറുക്കെടുപ്പ് ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കി. 2020ല്‍ കോവിഡ് കാലത്ത് ഡിസംബര്‍ എട്ട്, 10, 14 തീയതികളിലായിരുന്നു തെരഞ്ഞെടുപ്പ്. 2015ല്‍ രണ്ടു ഘട്ടമായിരുന്നു. ഇത്തവണയും രണ്ടുഘട്ടമാകാനാണ് സാധ്യത.

സമയക്രമം പ്രഖ്യാപിച്ചാല്‍, വിജ്ഞാപനത്തിന് ചെറിയ ഇടവേളയുണ്ടാകും. വിജ്ഞാപനം വന്ന് ഒരാഴ്ചയ്ക്കകം നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയാക്കണം. സ്ഥാനാര്‍ഥികളുടെ അന്തിമരൂപം ആയാല്‍ 14 ദിവസമാണ് പ്രചാരണത്തിന് ലഭിക്കുക. അന്തിമ പട്ടികയില്‍ 2,84,30,761 വോട്ടര്‍മാരാണുള്ളത്. 1,33,52,996 പുരുഷന്മാരും 1,49,59,273 സ്ത്രീകളും 271 ട്രാന്‍സ്ജെന്‍ഡര്‍മാരും. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍, 35,74,802. കുറവ് വയനാട്ടില്‍, 640183.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button