ഇസ്രായേൽ ഫുട്ബാൾ ടീമിനെ മത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന് യുവേഫയോട് ആവശ്യപ്പെട്ട് അയർലാൻഡ്

ഡബ്ലിൻ : ഇസ്രായേൽ ഫുട്ബാൾ ടീമിനെ മത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന് യുവേഫയോട് ആവശ്യപ്പെട്ട് അയർലാൻഡ്. ഐറിഷ് ഫുട്ബാൾ അസോസിയേഷൻ ഇതുസംബന്ധിച്ച് പ്രമേയം പാസാക്കി. ഇസ്രായേൽ ഫുട്ബാൾ അസോസിയേഷനെ ഉടൻ വിലക്കണമെന്നാണ് അയർലാൻഡിന്റെ ആവശ്യം.
ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. വംശീയതക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടുവെന്നും ഫലസ്തീനിൽ അവരുടെ അനുവാദമില്ലാതെ കളിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് വിലക്ക് വേണമെന്ന ആവശ്യം അയർലാൻഡ് ഉന്നയിക്കുന്നത്. 74 പേർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഏഴ് പേരാണ് ഇതിനെ എതിർത്തത്. രണ്ട് പേർ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യുകയും ചെയ്തു.
ഇസ്രായേലിനെ വിലക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ വോട്ടെടുപ്പ് നടത്താൻ യുവേഫ നേരെത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, യു.എസ് മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെയാണ് ഈ നീക്കത്തിൽ നിന്നും യുവേഫ പിന്മാറിയത്. സെപ്തംബറിൽ നോർവീജയൻ, തുർക്കിയ ഫുട്ബാൾ അസോസിയേഷനുകളും ഇസ്രായേലിനെ വിലക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ യു.എൻ ഉദ്യോഗസ്ഥർ ഫിഫയോടും യുവേഫയോടും ഇസ്രായേലിനെ വിലക്കാൻ ആവശ്യപ്പെട്ടിരുന്നു. യു.എൻ അന്വേഷണ കമീഷൻ റിപ്പോർട്ടിന്റെ നടപടി സ്വീകരിക്കാനായിരുന്നു യു.എൻ ഉദ്യോഗസ്ഥരുടെ ആവശ്യം. എന്നാൽ, ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് ഫിഫ സ്വീകരിച്ചത്. ഗസ്സയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ വ്യാപക ആക്രമണം നടത്തുന്നതിനിടെയാണ് അയർലാൻഡിന്റെ നടപടി.



