അന്തർദേശീയം

ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ വിസ നിഷേധിക്കാൻ നിർദേശം നൽകി യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റ്

വാഷിങ്ടൺ ഡിസി : അമേരിക്കയിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്ന വിദേശികൾക്ക് ഡോണൾഡ് ട്രംപ് ഭരണകൂടത്തി​ന്റെ ഉഗ്രൻ പാര.
സ്ഥിര താമസം ലക്ഷ്യമിട്ട് ​അമേരിക്കയിലേക്ക് പറക്കാൻ ഒരുങ്ങുന്ന വിദേശ പൗരന്മാർക്ക് പ്രമേഹം, അമിത വണ്ണം, ഹൃദ്രോഗം എന്നീ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ വിസ നിഷേധിക്കാൻ നിർദേശം നൽകി അധികൃതർ. സ്റ്റേറ്റ് ഡിപാർട്മെന്റ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പിന്തുടരാൻ ലോകമെമ്പാടുമുള്ള യു.എസ് എംബസികൾക്കും കോൺസുലാർ ഓഫീസുകൾക്കും നിർദേശം നൽകി. അപേക്ഷകന്റെ ആരോഗ്യ നില വിസ നടപടികളിൽ പരിശോധിക്കണമെന്നാണ് സ്റ്റേറ്റ് ഡിപാർട്മെന്റ് നിർദേശം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും, തുടർ ചികിത്സയും ആവശ്യമായ വിദേശികൾ കുടിയേറുന്നത് രാജ്യത്തെ പൊതു സംവിധാനങ്ങൾക്ക് ബാധ്യതയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ പ്രശ്നക്കാരെയും വി​സ നിരസിക്കാനുള്ള കാരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

അതേസമയം, ചികിത്സ സ്വന്തം ചിലവിൽ വഹിക്കാൻ ശേഷിയുള്ള അപേക്ഷകന് വിസ നൽകാമെന്ന വ്യവസ്ഥയും ഉണ്ട്. വിദേശികളുടെ കുടിയേറ്റം നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ സുപ്രധാന നീക്കങ്ങളുടെ ഭാഗമാണ് പുതിയ നയം മാറ്റം. ടൂറിസ്റ്റ്, സ്റ്റുഡന്റ് വിസകൾക്ക് പുതിയ നിർദ്ദേശം ബാധകമാണോ എന്ന് വ്യക്തമല്ല.

അതേസമയം ടൂറിസം (ബി വൺ/ബി ടു), പഠന (എഫ് വൺ) എന്നിവയ്ക്കുള്ള നോൺ ഇമിഗ്രന്റ് വിസകൾ തേടുന്നവർ ഉൾപ്പെടെ എല്ലാ വിസ അപേക്ഷകർക്കും സാങ്കേതികമായി ബാധകമാവും. എന്നാൽ, യു.എസിൽ സ്ഥിര താമസം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാവും ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുന്നത്. നിലവിൽ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കുന്നവർക്ക് സാമ്പത്തിക സ്ഥിതി കൂടി പരിശോധിച്ചാണ് വിസ അനുവദിക്കുന്നത്. അതുകൊണ്ട് തന്നെ, താമസകാലയളവിൽ ഇവരുടെ ചികിത്സാ ചിലവുകൾ പൊതു ബാധ്യതയായി മാറുന്നില്ല.

ഹൃ​ദ്രോഗം, ശ്വസന സംബന്ധമായ അസുഖങ്ങൾ, കാൻസർ, പ്രമേഹം, ന്യൂറോ സംബന്ധമായ രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്‌നങ്ങൾ എന്നിവയുൾപ്പെടെയുള്ള വലിയ ചികിത്സ ചിലവുള്ള രോഗങ്ങൾ അപേക്ഷകന് ഇല്ലെന്ന് ഉറപ്പാക്കണമെന്നാണ് സ്റ്റേറ്റ് ഡിപാർട്മെന്റ് എംബസികൾക്കും കോൺസുലാർ കേന്ദ്രങ്ങൾക്കും നൽകിയ നിർദേശിക്കുന്നത്. പകർച്ചവ്യാധി, വാക്സിനേഷൻ, സാംക്രമിക രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ വിസ അപേക്ഷാ പ്രക്രിയയുടെ ഭാഗമായി നേരത്ത തന്നെ പരിശോധിക്കാറുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button