ജക്കാർത്തയിൽ ജുമാ നമസ്‌കാരത്തിനിടെ പള്ളിയിൽ സ്ഫോടനം; 54 പേർക്ക് പരിക്ക്

ജക്കാർത്ത : ഇന്തോനേഷ്യയിലെ നോർത്ത് ജക്കാർത്തയിലെ ഒരു സ്‌കൂൾ കോംപ്ലക്‌സിനുള്ളിലെ പള്ളിയിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ സ്‌കൂൾ വിദ്യാർത്ഥികളും അധ്യാപകരും വിശ്വാസികളും ഉൾപ്പെടെ കുറഞ്ഞത് 54 ഓളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് കെലാപ ഗാഡിംഗ് പ്രദേശത്തെ നാവിക സേനയുടെ വളപ്പിൽ ജുമാ നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടന ശബ്‍ദം സ്‌കൂൾ ഗ്രൗണ്ടിലൂടെ അലയടിച്ചപ്പോൾ സാക്ഷികൾ പരിഭ്രാന്തിയുടെ രംഗങ്ങളാണ് വിവരിച്ചത്. കെട്ടിടം മുഴുവൻ നിലത്തുനിന്ന് ഉയർന്നു പോകുന്നതുപോലെ തോന്നിയെന്ന് സമീപത്ത് താമസിക്കുന്ന ഒരു പ്രദേശവാസി പറഞ്ഞു. പള്ളിയിൽ നിന്ന് പുക ഉയർന്നു, അടിയന്തര അലാറങ്ങൾ മുഴങ്ങിയതോടെ ഭയചകിതരായ വിദ്യാർത്ഥികൾ സുരക്ഷിത സ്ഥലത്തേക്ക് ഓടി.
സംഭവസ്ഥലത്ത് നിന്ന് സ്‌കൂൾ ഷൂട്ടിംഗ് ശൈലിയിലുള്ള തോക്കുകൾ, മൊളോടോവ് കോക്ക്‌ടെയിലുകൾ, ബോഡി വെസ്റ്റുകൾ എന്നിവ കണ്ടെടുത്തു. ഈ വസ്തുക്കൾ സ്‌ഫോടനവുമായി ബന്ധപ്പെട്ടതാണോ അതോ പിന്നീട് സ്ഥാപിച്ചതാണോ എന്ന് അധികൃതർ അന്വേഷിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. കണ്ടെത്തിയ തോക്കുകളിലൊന്നിൽ ‘നരകത്തിലേക്ക് സ്വാഗതം’ എന്ന് എഴുതിയിരുന്നു. വിശദാംശങ്ങൾ പൊലീസ് ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.
പരിക്കേറ്റ പലർക്കും പൊള്ളലും ചതവുകളും സംഭവിച്ചിട്ടുണ്ട്, മറ്റുള്ളവർക്ക് പുക ശ്വസിച്ചും പെട്ടെന്നുള്ള ഞെട്ടലിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങൾക്കും ചികിത്സ നൽകി. ചിലർക്ക് നിസാര പരിക്കുകളാണുള്ളത്, ചിലർക്ക് മിതമായ പരിക്കുളുണ്ട്. കുറച്ചുപേരെ ഇതിനകം ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ടെന്ന് ജക്കാർത്ത പോലീസ് മേധാവി ആസെപ് എഡി സുഹേരി കോംപാസ് ടിവിയോട് പറഞ്ഞു. ജക്കാർത്ത പൊലീസ് ഉടൻ തന്നെ പ്രദേശം വളയുകയും തെളിവുകൾ ശേഖരിക്കാൻ ബോംബ് നിർമാർജന യൂണിറ്റിനെ വിന്യസിക്കുകയും ചെയ്തു. അന്വേഷണത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥർ സ്‌ഫോടനത്തിന്‍റെ ഭാഗങ്ങൾ ശേഖരിക്കുകയും പള്ളി പരിസരം സുരക്ഷിതമാക്കുകയും ചെയ്യുന്നത് കണ്ടു. പരിക്കേറ്റവരെ കണ്ടെത്താൻ ബന്ധുക്കളെ സഹായിക്കുന്നതിനായി അധികൃതർ രണ്ട് ആശുപത്രികളിൽ സഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ പ്രദേശവാസികൾ പ്രദേശത്തിന് പുറത്ത് വിവരങ്ങൾക്കായി കാത്തുനിൽക്കുകയാണ്.



