തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനത്തേക്കുള്ള സംവരണം നിശ്ചയിച്ച് വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനത്തേക്കുള്ള സംവരണം നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന് വിജ്ഞാപനമിറക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് ജില്ലാപഞ്ചായത്തുകളില്‍ സ്ത്രീകള്‍ പ്രസിഡന്റാകും. എറണാകുളം പട്ടികജാതിക്കായും സംവരണംചെയ്തു. കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ വനിതാ മേയര്‍മാര്‍ വരും.
87 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ സ്ത്രീകള്‍ക്ക് 44 എണ്ണവും (പട്ടികജാതി സ്ത്രീകള്‍ ഉള്‍പ്പെടെ) പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് ആറും അതില്‍ മൂന്നെണ്ണം പട്ടികജാതി വിഭാഗത്തിലെ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികവര്‍ഗത്തിനും സംവരണംചെയ്തു.
941 പഞ്ചായത്തുകളില്‍ 417-ല്‍ വനിതാ പ്രസിഡന്റുമാര്‍ വരും. പട്ടികജാതി സ്ത്രീ 46, പട്ടികജാതി 46, പട്ടികവര്‍ഗ സ്ത്രീ എട്ട്, പട്ടികവര്‍ഗം എട്ട് എന്നിങ്ങനെയും അധ്യക്ഷസ്ഥാനം സംവരണംചെയ്തിട്ടുണ്ട്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ സ്ത്രീകള്‍ക്കായി 67 അധ്യക്ഷസ്ഥാനം സംവരണംചെയ്തു. പട്ടികജാതി സ്ത്രീ-എട്ട്, പട്ടികജാതി-ഏഴ്, പട്ടികവര്‍ഗ സ്ത്രീ-രണ്ട്, പട്ടികവര്‍ഗം-ഒന്ന് എന്നിങ്ങനെയാണ്.



