ബോസ്നിയയിൽ ബോർഡിങ് ഹൗസിൽ തീപിടിത്തം; നിരവധി മരണം

സരയാവോ : ബോസ്നിയ ഹെർസെഗോവിനയിലെ വടക്കുകിഴക്കൻ പട്ടണമായ തുസ്ലയിൽ ബോർഡിംഗ് ഹൗസിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. വിരമിച്ചവർക്കായുള്ള ബോർഡിംഗ് ഹൗസിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലൊന്നിൽ ഉണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചതായി ഡ്‌നെവ്‌നി അവാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നും പത്രം റിപ്പോർട്ട് ചെയ്തു.
മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കന്റോണൽ നേതാവ് ഇർഫാൻ ഹാലിലാജിക് സ്ഥിരീകരിച്ചു. മറ്റ് താമസക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയാണെന്നും ഇർഫാൻ ഹാലിലാജിക് പറഞ്ഞു. തീപിടുത്തത്തെക്കുറിച്ച് ബോസ്നിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും പൊലീസ് ഇതുവരെ മറ്റു വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. തീപിടിത്തമുണ്ടായി കുറച്ചു സമയത്തിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ കെട്ടിടത്തിലെ എല്ലാവരെയും ഒഴിപ്പിച്ചു.



