അന്തർദേശീയം

ഫിലിപ്പീൻസിൽ ആഞ്ഞടിച്ച് കൽമേഗി ചുഴലിക്കാറ്റ്; 26 മരണം

മനില : ഫിലിപ്പീൻസിൽ വീശിയടിച്ച കൽമേഗി ചുഴലിക്കാറ്റിൽ 26 മരണം. ചൊവ്വാഴ്ച രാജ്യത്ത് വീശിയടിച്ച കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് മരണങ്ങൾ ഏറെയുമെന്ന് ദുരന്ത നിവാരണ ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ നിരവധി പേർ വീടിന്റെ മേൽക്കൂരകളിൽ കുടുങ്ങി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി.

ദുരിതബാധിത പ്രവിശ്യകളിൽ മാനുഷിക സഹായം നൽകുന്നതിനായി പോകുന്നതിനിടെ, തെക്കൻ അഗുസാൻ ഡെൽ സുർ പ്രവിശ്യയിൽ അഞ്ച് ഉദ്യോഗസ്ഥരുമായി പോയിരുന്ന ഫിലിപ്പൈൻ വ്യോമസേന ഹെലികോപ്റ്റർ തകർന്നുവീണു. ലോറെറ്റോ പട്ടണത്തിന് സമീപമാണ് സൂപ്പർ ഹ്യൂയി ഹെലികോപ്റ്റർ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന വ്യോമസേനാ ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സൈന്യത്തിന്റെ ഈസ്റ്റേൺ മിൻഡാനാവോ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.

മണിക്കൂറിൽ 180 കിലോമീറ്റർ (112 മൈൽ) വേഗതയിലാണ് കാറ്റുവീശിയത്. പടിഞ്ഞാറൻ പ്രവിശ്യയായ പലാവനിൽ ആഞ്ഞടിച്ച ശേഷം ചൊവ്വ വൈകിയോ ബുധനാഴ്ച പുലർച്ചെയോ ദക്ഷിണ ചൈനാ കടലിലേക്ക് വീശിയടിക്കുമെന്നാണ് പ്രവചനം. ഈ വർഷം ഫിലിപ്പൈൻ ദ്വീപസമൂഹത്തിൽ നാശം വിതച്ച ഇരുപതാമത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് കൽമേഗി. കാറ്റിൽ സെബു പ്രവിശ്യയിലും മറ്റ് മധ്യ ദ്വീപ് പ്രവിശ്യകളിലും വെള്ളപ്പൊക്കമുണ്ടായി. മരണം സംബന്ധിച്ച കൃത്യമായ കണക്ക് വ്യക്തമല്ലെന്ന് സിവിൽ ഡിഫൻസ് ഓഫീസ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ബെർണാർഡോ റാഫേലിറ്റോ അലജാൻഡ്രോ പറഞ്ഞു. അർദ്ധരാത്രിയോടെ ചുഴലിക്കാറ്റ് കരയിലേക്ക് ആഞ്ഞടിച്ചതിനെത്തുടർന്ന് പ്രവിശ്യയിലുടനീളം വൈദ്യുതി തടസ്സമുണ്ടായി.

2013 നവംബറിൽ ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളിലൊന്നായ ടൈഫൂൺ ഹയാൻ മധ്യ ഫിലിപ്പീൻസിൽ ആഞ്ഞടിച്ചിരുന്നു. 7,300 ൽ അധികം പേർ മരിച്ചു. ഏകദേശം 1 ദശലക്ഷം വീടുകൾ തകർന്നു. 4 ദശലക്ഷത്തിലധികം ആളുകളെയാണ് അന്ന് മാറ്റിപ്പാർപ്പിച്ചത്. കൽമേ​ഗി ചുഴലിക്കാറ്റ് കരയിലേക്ക് കയറുന്നതിമുമ്പ്, കിഴക്കൻ, മധ്യ ഫിലിപ്പീൻസ് പ്രവിശ്യകളിലെ 387,000 ൽ അധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button