യുഎസ് മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു

വാഷിങ്ടൺ ഡിസി : യുഎസ് മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചിനി (റിച്ചാർഡ് ബ്രൂസ് ചിനി, 84) അന്തരിച്ചു. ജോർജ് ഡബ്ല്യു. ബുഷ് പ്രസിഡന്റായിരുന്ന കാലത്താണ് 2001 മുതല്‍ 2009 വരെ ഡിക് ചിനി വൈസ് പ്രസിഡന്റായിരുന്നത്. യുഎസ് ചരിത്രത്തിലെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റായാണ് ഡിക് ചിനി അറിയപ്പെടുന്നത്. ഇറാഖ് യുദ്ധവും അധിനിവേശവും ഡിക് ചിനിയുടെ പദ്ധതി ആയിരുന്നുവെന്നാണ് വിലയിരുത്തൽ.
യുഎസിന്റെ അഫ്ഗാന്‍ അധിനിവേശത്തിനു പിന്നിലും സുപ്രധാന പങ്കുവഹിച്ചതും ഇദ്ദേഹമായിരുന്നു. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. ന്യുമോണിയ, ഹൃദയ സംബന്ധമായ രോഗങ്ങൾ, വാസ്‌കുലര്‍ രോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണതകള്‍ കാരണമാണ് അന്ത്യം സംഭവിച്ചതെന്ന് കുടുംബം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഭാര്യ ലിന്‍, മക്കളായ ലിസ്, മേരി എന്നിവര്‍ അന്ത്യസമയത്ത് ഒപ്പമുണ്ടായിരുന്നു.



