വിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി ഡിജിസിഎ

ന്യൂഡല്‍ഹി : വിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളിൽ കാതലായ മാറ്റം വരുത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റദ്ദാക്കാനും ചെയ്യാനും യാത്ര തീയതി മാറ്റുന്നതിനും പണം ഇടാക്കരുത്.നിയമ നിർമ്മാണത്തിന്റെ കരട് ഉടൻ പുറത്തിറങ്ങും.
വിമാന യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന തീരുമാനമാണ് ഡിജിസിഎ സ്വീരിക്കാൻ ഒരുങ്ങുന്നത്. വിമാന ടിക്കറ്റ് റീഫണ്ടിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി . വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് ആദ്യ 24 മണിക്കൂറിനുള്ളിൽ പേരിൽ തിരുത്തലുകൾക്ക് യാതൊരു ചാർജും ഈടാക്കില്ല. അതുപോലെ 48 മണിക്കൂറിനുള്ളിൽ യാത്രാ തീയതികളിൽ മാറ്റം വരുത്തുന്നതിനോ കാൻസൽ ചെയ്യുന്നതിനോ ചാർജ് ഉണ്ടാകില്ല. ടിക്കറ്റ് റീഫണ്ടിങ് 21 പ്രവർത്തി ദിവസത്തിനുള്ളിൽ ലഭ്യമാക്കണമെന്നും ഡിജിസിഎ നിർദേശിക്കുന്നു.
മെഡിക്കൽ എമർജൻസി കേസുകളാൽ ടിക്കറ്റ് റദ്ദാക്കിയാല്‍ യാത്രക്കാരന് ടിക്കറ്റ് റീഫണ്ട് ചെയ്യുകയോ ക്രെഡിറ്റ് ഷെൽ സൗകര്യം നൽകുകയോ ചെയ്യാം. എന്നാൽ ആഭ്യന്തര വിമാന യാത്രകളിൽ അഞ്ച് ദിവസത്തിനുള്ളിൽ പുറപ്പെടേണ്ട വിമാനങ്ങളുടെ ടിക്കറ്റുകൾക്കും അന്താരാഷ്ട്ര യാത്ര ടിക്കറ്റുകളിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ പുറപ്പെടേണ്ട വിമാനങ്ങളുടെ ടിക്കറ്റുകൾക്കും എയർലൈൻ വെബ്സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്യുമ്പോൾ ഈ ആനുകൂല്യം ലഭിക്കില്ല.പുതിയ നിയമം സംബന്ധിച്ച് കരട് ഉടൻ തന്നെ പുറത്തുവിടുമെന്നും നവംബർ 30 വരെ പൊതു ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കുമെന്നുമാണ് സൂചന. ഡിജിസിഎയുടെ ഈ നിർണായക നിയമനിർമാണം യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതാകുമെന്നാണ് പ്രതീക്ഷ.



