മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിൽ തീപ്പിടിത്തം; കുട്ടികള്‍ ഉള്‍പ്പെടെ 23 പേർക്ക് ദാരുണാന്ത്യം

സൊനോറ : മെക്‌സിക്കോയില്‍ സൂപ്പർമാർക്കറ്റിൽ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് ദാരുണാന്ത്യം. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മെക്‌സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെര്‍മോസില്ലോയിലാണ് സംഭവം.
രാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ഡേ ഓഫ് ദ ഡെഡുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ രാജ്യത്ത് നടന്ന് വരുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം. ആഘോഷ ദിനത്തിലുണ്ടായ ദുരന്തം രാജ്യത്തെ ദുഖത്തിലാഴ്ത്തിയതായി സൊനോറ സംസ്ഥാന ഗവര്‍ണര്‍ അല്‍ഫോന്‍സോ ഡുറാസോ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
അതേസമയം, പ്രാഥമിക അന്വേഷണത്തില്‍ തീപ്പിടിത്തമുണ്ടായത് ട്രാന്‍സ്ഫോര്‍മറില്‍ നിന്നാകാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മരണങ്ങളില്‍ ഭൂരിഭാഗവും വിഷവാതകം ശ്വസിച്ചാണ് സംഭവിച്ചതെന്ന് ഫോറന്‍സിക് മെഡിക്കല്‍ സര്‍വീസ് സംസ്ഥാന അറ്റോര്‍ണി ജനറല്‍ ഗുസ്താവോ സലാസ് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.
സംഭവം തീവ്രവാദ ആക്രമണമാണെന്ന തരത്തിലുള്ള വാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അത് അടിസ്ഥാന രഹിതമാണെന്നും ആ സാധ്യത തള്ളിക്കളഞ്ഞതായും സൊനോറയിലെ അധികാരികള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സൊനോറ സംസ്ഥാന ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്.



