ദേശീയം

ഐഎസ്ആര്‍ഒയുടെ എല്‍വിഎം മൂന്ന് എം 5 റോക്കറ്റിന്റെ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട : ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എല്‍വിഎം മൂന്ന് എം 5 റോക്കറ്റിന്റെ വിക്ഷേപണം വിജയം. സിഎംഎസ് 03 ഉപഗ്രഹം സുരക്ഷിതമായി ബഹിരാകാശത്ത് എത്തിച്ചു. നാവിക സേനയ്ക്കായുള്ള നിര്‍ണായക വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 03 ഉപഗ്രഹവുമായി വൈകിട്ട് 5.26നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണതറയില്‍ നിന്ന് എല്‍വിഎം മൂന്ന് കുതിച്ചുയര്‍ന്നത്. വിക്ഷേപിച്ച് അധികം വൈകാതെ സിഎംഎസ് 03 ഉപഗ്രഹം റോക്കറ്റില്‍ നിന്ന് വേര്‍പെട്ടു. സിഎംഎസ് 03 ഉപഗ്രഹം വിജയകരമായി ബഹിരാകാശത്ത് എത്തിച്ചു. പരാജയമറിയാതെ ഐഎസ്ആര്‍ഒയുടെ കരുത്തുറ്റ റോക്കറ്റായ എല്‍വിഎം 3 എം 5 ജൈത്രയാത്ര തുടരുകയാണ്.

ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണത്തിനുശേഷം ആദ്യമായാണ് എല്‍വിഎം 3 ദൗത്യം നടക്കുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഐഎസ്ആര്‍ഒയുടെ എറ്റവും കരുത്തേറിയ റോക്കറ്റിന്റെ തിരിച്ചുവരവ് കൂടിയാണ് ഇന്നത്തെ വിക്ഷേപണം. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാല്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചാണ് ഐഎസ്ആര്‍ഒയുടെ വിക്ഷേപണം.

ഉപഗ്രഹത്തിന്റെ ചിത്രങ്ങളടക്കം ഐഎസ്ആര്‍ഒ രഹസ്യമാക്കിയിരിക്കുകയാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യങ്ങള്‍ക്ക് ഈ രീതി ഇനി പതിവാകും. ലോഞ്ച് ബ്രോഷറിലും ഉപഗ്രഹ വിവരങ്ങള്‍ നല്‍കിയിട്ടില്ല. 4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് സിഎംഎസ് 03. ഇന്ത്യന്‍ മണ്ണില്‍ നിന്ന് ജിയോസിംക്രണസ് ഓര്‍ബിറ്റിലേക്കയക്കുന്ന എറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. ജിസാറ്റ് 7 ആര്‍ എന്ന പേരായിരുന്നു ഉപഗ്രഹത്തിന് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, പിന്നീട് സിഎംഎസ് 03 എന്നാക്കി മാറ്റുകയായിരുന്നു. 1589 കോടി രൂപയാണ് ഉപഗ്രഹത്തിന്റെ ചെലവ്. 2019ലാണ് നാവികസേനയും ഐഎസ്ആര്‍ഒയും തമ്മില്‍ കരാറൊപ്പിട്ടത്. മലയാളിയായ വിക്ടര്‍ ജോസഫ് ആണ് മിഷന്‍ ഡയറക്ടര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button