ചൈനയുമായി വ്യാപാര കരാറിൽ ധാരണയിലെത്തി : ട്രംപ്

ബൂസാൻ : ചൈനയുമായി വ്യാപാര കരാറിൽ ധാരണയിലെത്തിയതായി അമേരിക്ക. ദക്ഷിണ കൊറിയയിസെ ബൂസാനിൽ വച്ച് ചൈനീസ് നേതാവ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയെ വിസ്മയകരമായ ഒന്ന് എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്. അതിശയിപ്പിക്കുന്ന പുതിയ തുടക്കങ്ങൾ ഉണ്ടാവുമെന്നാണ് അമേരിക്ക ചൈന ബന്ധത്തേക്കുറിച്ച് വ്യാഴാഴ്ച ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. തീരുവയിൽ 10 ശതമാനം കുറവും വരുത്തിയാണ് വ്യാപാര കരാറിൽ ഏർപ്പെട്ടതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബൂസാനിൽ അടച്ചിട്ട മുറിയിൽ രണ്ട് മണിക്കൂറാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടത്. നിരവധി തീരുമാനങ്ങൾ എടുത്തതായാണ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരിച്ചത്.
പ്രാധാന്യമുള്ള നിരവധി കാര്യങ്ങളിൽ തീരുമാനത്തിലെത്തിയെന്നും അവ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും ട്രംപ് വിശദമാക്കി. എല്ലാകാര്യവും സംസാരിച്ചതായി പറയാൻ സാധിക്കില്ല. എങ്കിലും മികച്ച കൂടിക്കാഴ്ചയാണ് നടന്നത്. ചൈനയ്ക്ക് മേലുള്ള തീരുവ 57 ശതമാനത്തിൽ നിന്ന് 47 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് പ്രതികരിച്ചു.
അമേരിക്കയിൽ നിന്ന സൊയാബീൻ ഇറക്കുമതി ചെയ്യാൻ തയ്യാറാണെന്നും ട്രംപ് പ്രതികരിച്ചു. അപൂർവ്വ ധാതുക്കളുടെ കയറ്റുമതി സംബന്ധിയായ കാര്യങ്ങളിലും തീരുമാനം ഉണ്ടായെന്നും ട്രംപ് പ്രതികരിച്ചു. ഇനി തടസങ്ങളില്ലെന്നാണ് ട്രംപ് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. ഏതാനും മാസങ്ങളായി അമേരിക്കയെ വലിയ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. യുക്രൈൻ യുദ്ധം സംബന്ധിയായ ചൈനയും അമേരിക്കയും ഒരുമിച്ച് തീരുമാനങ്ങളെടുക്കുമെന്നും ട്രംപ് പ്രതികരിച്ചു. അടുത്ത വർഷം ഏപ്രിലിൽ ട്രംപ് ചൈന സന്ദർശിക്കുമെന്നും ഷി ജിൻപിങ് അതിന് ശേഷം അമേരിക്ക സന്ദർശിക്കുമെന്നുമാണ് ട്രംപ് പ്രതികരിച്ചത്. കൂടിക്കാഴ്ചയെക്കുറിച്ച് പൂർണ തൃപ്തിയാണ് ട്രംപ് രേഖപ്പെടുത്തിയത്. തായ്വാൻ സംബന്ധിച്ച കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായില്ല.



