അന്തർദേശീയം

സുഡാനിൽ എൽ ഫാഷർ നഗരം പിടിച്ചെടുത്ത് 1500 പേരെ കൂട്ടക്കൊല ചെയ്ത് വിമതസേന

ഖാർത്തൂം : സുഡാനിലെ പ്രധാന നഗരമായ എൽ ഫാഷർ പിടിച്ചെടുത്തതിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച 1500ഓളം സാധാരണ മനുഷ്യരെ വിമതസംഘമായ അർധ സൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ.എസ്.എഫ്) കൂട്ടക്കൊല ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് രക്ഷപ്പെടാൻ ശ്രമിച്ച സാധാരണക്കാരെ ആർ.എസ്.എഫിന്റെ നേതൃത്വത്തിലുള്ള സംഘം കൊന്നതെന്ന് സുഡാൻ ഡോക്ടേർസ് നെറ്റ്‍വർക്ക് അറിയിച്ചു.

കഴിഞ്ഞ രണ്ടര വർഷമായി ആഭ്യന്തരയുദ്ധത്തിൽ വലയുന്ന സുഡാനിൽ 40,000 പേർ കൊല്ലപ്പെടുകയും 12 ദശലക്ഷത്തോളം ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തതായി യു.എന്നും പറയുന്നുണ്ട്. വിമതസംഘം നടത്തിവരുന്ന കൂട്ടക്കൊലകൾ, ബോംബാക്രമണം, പട്ടിണി, നിയമവിരുദ്ധ വധശിക്ഷകൾ ഇവയെല്ലാം വംശഹത്യയാണെന്ന് മനുഷ്യാവകാശ സംഘടനകൾ വിശേഷിപ്പിച്ചു.

ആഭ്യന്തര കലാപവും ഉപരോധവും കാരണം നരകമായിത്തീർന്ന എൽ ഫാഷറിൽ ആർ.എസ്.എഫ് അതിക്രമിച്ച് കയറിയതിനെ തുടർന്ന് സാധാരണക്കാർക്ക് രക്ഷപ്പെടാനുള്ള വഴികൾ അടയുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്ന് അടിയന്തര വെടിനിർത്തൽ, മാനുഷിക സഹായം ലഭിക്കാനുള്ള സൗകര്യം, വിട്ടുപോകാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് സുരക്ഷിതമായ പാത എന്നിവ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യു.എൻ ഹ്യുമാനിറ്റേറിയൻ മേധാവി ടോം ഫ്ലെച്ചർ രംഗത്ത് വന്നിരുന്നു. എന്നാൽ, മറ്റ് സ്ഥലങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സുരക്ഷിതമായ വഴികൾ നഗരത്തിലെ എല്ലാവർക്കും ആവശ്യമായ സംരക്ഷണം എന്നിവ നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ആർ‌.എസ്‌.എഫ് പറഞ്ഞിരുന്നു.

രാജ്യത്തിന്റെ വിശാലമായ പടിഞ്ഞാറൻ മേഖലയായ ദാർഫുറിലെ സുഡാനീസ് സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രമായിരുന്ന എൽ ഫാഷറിൽ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി കഴിഞ്ഞ 18 മാസമായി ആർ.‌എസ്‌.എഫിന്റെ നേതൃത്വത്തിൽ ഉപരോധം ഏർപ്പെടുത്തിവരികയായിരുന്നു.

2023 മുതൽ സുഡാൻ സൈന്യത്തിനെതി​െ​ര ആർ.എസ്.എഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആഭ്യന്തരയുദ്ധമാണ് രാജ്യത്തെ നരകതുല്യമാക്കിയത്. തലസ്ഥാന നഗരമായ ഖാർത്തൂമിൽ സുഡാൻ സൈന്യവും ആർ‌.എസ്‌.എഫും തമ്മിലുണ്ടായ അധികാര പോരാട്ടമാണ് തുറന്ന യുദ്ധത്തിലേക്ക് മാറിയത്. രാജ്യമെമ്പാടും വ്യാപിച്ച ആഭ്യന്തരയുദ്ധത്തിൽ നിരവധി പേർ മരണപ്പെടുകയും കുടിയിറക്ക​പ്പെടുകയും ചെയ്തിട്ടുണ്ട്.

2025 മാർച്ചിൽ സുഡാൻ സൈന്യം ഖാർത്തൂം തിരിച്ചുപിടിച്ചതിനെ തുടർന്ന് നിരവധി താമസക്കാർക്ക് തിരിച്ചുവരാൻ സാധിച്ചെങ്കിലും രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പോരാട്ടം രൂക്ഷമായി തുടരുകയാണ്. 2024 മെയ് മാസത്തിൽ, പടിഞ്ഞാറൻ ദാർഫുർ മേഖലയിലെ എൽ ഫാഷർ ആർ.എസ്.എഫ് ഉപരോധിച്ചു.

ഈ കാലയളവിൽ കൊടിയ പട്ടിണിയും ക്ഷാമവും ദാർഫുറിനെ വരിഞ്ഞു മുറുക്കി. ഉപരോധത്താലും നരകമായിത്തീർന്ന എൽ ​ഫാഷറിൽനിന്ന് പതിനായിരക്കണക്കിന് പേർ പലായനം ചെയ്ത് അടുത്തുള്ള തവില നഗരത്തിൽ അഭയം തേടി. പട്ടിണി മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ് ഇവിടെ.

പട്ടിണിക്കു പുറമെ മലേറിയ, മീസിൽസ്, വില്ലൻ ചുമ എന്നിവയും കാട്ടുതീ പോലെ പടർന്നു. പ്രസവത്തിനിടെ എണ്ണമറ്റ സ്ത്രീകൾ മരിക്കുന്നതും വിമത മിലിഷ്യകളാൽ സ്ത്രീകളും പെൺകുട്ടികളും ബലാത്സംഗം ചെയ്യപ്പെടുന്നതും പതിവായി. സൈന്യവും ആർ.എസ്.എഫിനും പുറമെ പല താൽപര്യങ്ങളുള്ള വിമത ഗ്രൂപ്പുകളും ഇവിടെ ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button