2034 ഫിഫ ലോകകപ്പ് കളികൾ ആകാശത്ത് നടത്തും; സൗദി അറേബ്യയിൽ സ്കൈ സ്റ്റേഡിയം വരുന്നു

റിയാദ് : 2034ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ ആരംഭിച്ച് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി ഭൂമിയിൽ നിന്ന് ഏകദേശം 350 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രീതിയിലുള്ള സ്കൈ സ്റ്റേഡിയം നിർമ്മിക്കുമെന്ന് സൂചന.
സൂര്യപ്രകാശം, കാറ്റ് എന്നിവയിൽ നിന്ന് ലഭിക്കുന്ന ഊർജ്ജത്തിൽ ആയിരിക്കും സ്റ്റേഡിയം പ്രവർത്തിക്കുക. ലോകത്തിലെ തന്നെ ആദ്യത്തെ സ്കൈ സ്റ്റേഡിയമാണ് സൗദിയിൽ ഉയരാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ.
46,000 കാണികൾക്ക് ഈ സ്റ്റേഡിയത്തിൽ ഇരുന്ന് മത്സരങ്ങൾ കാണാം. രാജ്യത്ത് നടക്കാനിരിക്കുന്ന വേൾഡ് കപ്പിന് മുമ്പ് പണിപൂർത്തിയാക്കാൻ ആണ് അധികൃതരുടെ നീക്കം. 2027 ൽ സ്റ്റേഡിയത്തിന്റെ പണി ഔദ്യോഗികമായി ആരംഭിക്കും 2032ൽ പൂർത്തിയാക്കാൻ കഴിയും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
2034ൽ നടക്കുന്ന വേൾഡ് കപ്പിന്റെ സെമി ഫൈനൽ മത്സരങ്ങൾ ഈ സ്റ്റേഡിയത്തിൽ വച്ച് നടക്കും എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഈ പ്രോജക്ടിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.
കായികരംഗത്ത് നിക്ഷേപം വർധിപ്പിക്കാൻ സൗദി അടുത്തിടെ വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. അതിന്റെ ഭാഗമായാണ് പുതിയ സ്റ്റേഡിയം നിർമ്മാണവും. വേൾഡ് കപ്പിലൂടെ കൂടുതൽ നിക്ഷേപം സൗദിയിൽ എത്തിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
സ്കൈ ഫുട്ബോൾ സ്റ്റേഡിയം കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കും. സ്റ്റേഡിയത്തിന്റെ പണി പൂർണ്ണമാകുന്നതോടെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നും അധികൃതർ വിലയിരുത്തുന്നു.



