അന്തർദേശീയം

കാനഡയിലെ മക്‌ഡൊണാള്‍ഡ്സ് ഔട്ട്‌ലെറ്റില്‍ ഇന്ത്യക്കാരനായ ജോലിക്കാരന് വംശീയ അധിക്ഷേപം

ഓക്ക്വില്ലെ : കാനഡയിലെ ഓക്ക്‌വില്ലെയിലെ മക്‌ഡൊണാള്‍ഡ്സ് ഔട്ട്‌ലെറ്റില്‍ ഇന്ത്യക്കാരനായ ജോലിക്കാരനെ വംശീയമായി അധിക്ഷേപിച്ച് തദ്ദേശീയനായ ഒരു യുവാവ്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കേട്ടാലറയ്ക്കുന്ന തെറി വിളിച്ച യുവാവ്, ഇന്ത്യക്കാരനായ ജോലിക്കാരനോട് നിന്റെ രാജ്യത്തേക്ക് തിരികെ പോകാനാണ് ആവശ്യപ്പെടുന്നത്.

മക്‌ഡൊണാള്‍ഡ്സ് ഔട്ട്‌ലെറ്റില്‍ വെച്ച് യുവാവിന്റെ വീഡിയോ പകര്‍ത്തിയ പെണ്‍കുട്ടിയോടും ഇയാള്‍ മോശം വാക്കുകളാണ് പ്രയോഗിക്കുന്നത്. ഇന്നലെ (ഒക്ടോബര്‍ 26) ചിത്രീകരിച്ച വീഡിയോക്കെതിരേ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. വീഡിയോ വ്യാപകമായ ശ്രദ്ധ നേടിയിട്ടും, പ്രാദേശിക അധികാരികളോ ഹാല്‍ട്ടണ്‍ പോലീസോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കാനഡയില്‍ ഇന്ത്യക്കാര്‍ക്കെതിരായ അതിക്രമങ്ങളും വംശീയാധിക്ഷേപവും തുടര്‍ക്കഥയാകുകയാണ്. ഈ മാസം ആദ്യം, ഒന്റാറിയോ നിയമസഭാംഗമായ ഹര്‍ദീപ് ഗ്രെവാളിനെതിരേ രണ്ട് അപരിചിതര്‍ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതോടെ പീല്‍ റീജിയണല്‍ പോലീസ് (പിആര്‍പി) ഒരു യൂണിറ്റ് രൂപീകരിച്ചിരുന്നു. മിസിസാഗയിലെ ഒരു കുട്ടികളുടെ പാര്‍ക്കിന് സമീപം ചുവരില്‍ ഇന്ത്യക്കാരെ അധിക്ഷേപിക്കുന്ന ചുവരെഴുത്ത് സ്‌പ്രേ പെയിന്റ് ചെയ്ത ഫ്രെഡ ലുക്കര്‍-റില്ലൊറാസയെ ഈ യൂണിറ്റ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button