പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന് സമാപനം കുറിച്ച് ജി സുധാകരന്‍ ദീപശിഖ കൈമാറി

ആലപ്പുഴ : പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം. വലിയ ചുടുകാട്ടില്‍ നിന്ന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള ദീപശിഖാ റിലേയ്ക്ക് തുടക്കം. മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍ ദീപശിഖ അത്ലറ്റുകള്‍ക്ക് കൈമാറി. രാവിലെ 7.30 നായിരുന്നു ദീപശിഖ കൈമാറ്റം. വിഎസ് അച്യുതാനന്ദനാണ് 2019 വരെ ദീപശിഖ തെളിച്ച് കൈമാറിയിരുന്നത്. അതിനു ശേഷം ജി സുധാകരനാണ് ദീപശിഖ കൈമാറുന്നത്.
നിരവധി ഇടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി 11 മണിയോടെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ എത്തുമ്പോള്‍ വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാര്‍ഥന്‍ ദീപം ഏറ്റുവാങ്ങി രക്തസാക്ഷിമണ്ഡപത്തില്‍ സ്ഥാപിക്കും. വൈകിട്ട് പുന്നപ്ര- വയലാര്‍ വാരാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് പൊതുസമ്മേളനം നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ പുന്നപ്ര – വയലാര്‍ സമരസേനാനികളുടെ വിവരങ്ങളടങ്ങിയ ‘പുന്നപ്ര വയലാര്‍ സമരസേനാനികള്‍ ഡയറക്ടറി’യും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐഎം, സിപിഐ മന്ത്രിമാരും നേതാക്കളും പങ്കെടുക്കും. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും സംയുക്തമായാണ് പുന്നപ്ര വയലാര്‍ രക്തസാക്ഷി വാരാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.



