ഡെലിവറി ഏജന്റുമാർക്ക് വെർച്വൽ അസിസ്റ്റന്റ് സ്മാർട്ട് ഗ്ലാസ്സുകൾ നൽകി ആമസോൺ

വാഷിങ്ടൺ ഡിസി : ജീവനക്കാരുടെ ജോലികൾ കൂടുതൽ സുഗമമാക്കാനായി പുത്തൻ സംവിധാനവുമായി ആമസോൺ. ഡെലിവറികൾ സ്മാർട്ടും ,ഹാന്റ്സ് ഫ്രീയുമാക്കുക എന്ന ലക്ഷ്യത്തോടെ എഐ സ്മാർട്ട് ഗ്ലാസ്സുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
എഐ സെൻസിംഗും, കമ്പ്യൂട്ടർ വിഷൻ സാങ്കേതികവിദ്യയും സംയോജിപ്പിച്ച ഈ ഗ്ലാസ്സുകൾ മൊബൈൽ ഫോണിന്റെ സഹായമില്ലാതെ പ്രവർത്തിപ്പിക്കാനാകും. ഡെലിവറി ഏജന്റുമാർക്ക് റിയൽ-ടൈം നാവിഗേഷൻ, പാക്കേജ് സ്കാനിംഗ്, ഹെഡ്സ്-അപ്പ് ഡിസ്പ്ലേയിൽ അപകട മുന്നറിയിപ്പുകൾ തുടങ്ങിയവ നൽകുന്ന വെർച്വൽ അസിസ്റ്റന്റായിട്ടാകും സ്മാർട്ട് ഗ്ലാസുകൾ പ്രവർത്തിക്കുക.
ഏജന്റുമാർ ലക്ഷ്യസ്ഥാനത്തെത്തിയാൽ ഉടൻ ഗ്ലാസ് സ്വയം പ്രവർത്തനക്ഷമമാകും. ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ നൽകുന്ന നിർദ്ദേശങ്ങളാണ് ഡെലിവറി ഏജന്റുമാരെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നത്. കൃത്യമായ സ്ഥലങ്ങളിൽ എത്തിച്ചേരാനും അപകടങ്ങൾ തിരിച്ചറിയാനുമായി മൾട്ടി ക്യാമറ ആണ് ഗ്ലാസ്സുകളിൽ ഘടിപ്പിച്ചിരിക്കുന്നത്.
പാക്കേജിലെ ബാർകോഡ് സ്കാൻ ചെയ്താൽ ഡെലിവറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗ്ലാസുകളുടെ ഡിസ്പ്ലേയിൽ നേരിട്ട് ദൃശ്യമാകും. ഇതിലൂടെ ഉത്പന്നം നൽകുന്നതിന് മുൻപായി ഏജന്റുമാർക്ക് അവരുടെ ഫോണുകളോ പാക്കേജുകളോ വീണ്ടും പരിശോധിക്കേണ്ടതായി വരില്ല . ഗ്ലാസ്സുകളിൽ ചില നിയന്ത്രങ്ങളും ഉണ്ടാകും കൂടാതെ ബാറ്ററി മാറ്റുന്നതിനും ,അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനുമായി എമർജൻസി ബട്ടണും ഉണ്ടാകും.
ഏജന്റ് ധരിക്കുന്ന ഡെലിവെറി വെസ്റ്റില്‍ ഘടിപ്പിച്ച കണ്ട്രോളര് ഉപകരണവുമായിട്ടാകും ഈ സ്മാര്‍ട് ഗ്ലാസ് ബന്ധിപ്പിക്കുക. ഇത് പ്രവർത്തിപ്പിക്കാനുള്ള ബട്ടണുകളും ഇതിൽ ഉൾപ്പെടുന്നു. ഗ്ലാസുകളിൽ പ്രിസ്ക്രിപ്ഷൻ, ട്രാൻസിഷണൽ ലെൻസുകൾ എന്നിവ ഉപയോഗിക്കാമെന്നും ആമസോൺ വ്യക്തമാക്കി.
ലൈവായി തകരാർ കണ്ടെത്തുന്നതിനും,തെറ്റായ വഴിയിലൂടെയാണ് ഏജന്റുമാർ സഞ്ചരിക്കുന്നതെങ്കിൽ അത് തിരിച്ചറിയാനും സാധിക്കുന്ന തരത്തിലുള്ള സംവിധാനങ്ങൾ എഐ സ്മാർട്ട് ഗ്ലാസുകളുടെ ഭാവി പതിപ്പുകളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.



