വെനസ്വേലയിൽ അട്ടിമറി നീക്കവുമായി യുഎസ്

വാഷിങ്ടൻ ഡിസി : വെനസ്വേലയുടെ തീരത്ത് ബി–1 ബോംബറുകൾ പറത്തി യുഎസ്. പരിശീലനത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ചയും യുഎസ് ബോംബറുകൾ വെനസ്വേലയുടെ തീരത്ത് എത്തിയിരുന്നു. കരീബിയൻ കടലിലും വെനസ്വേലയുടെ തീരത്തും സൈനിക സാന്നിധ്യം യുഎസ് വർധിപ്പിച്ചതോടെ, വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാൻ ട്രംപ് ശ്രമിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നു. മയക്കുമരുന്നു ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകൾ മഡുറോ യുഎസിൽ നേരിടുന്നുണ്ട്. യുഎസിലേക്ക് മയക്കുമരുന്നു കടത്തുന്നതായി ആരോപിച്ച് വെനസ്വേല തീരത്ത് നിരവധി ബോട്ടുകൾ യുഎസ് സൈന്യം തകർത്തിരുന്നു.
ടെക്സസിലെ വ്യോമത്താവളത്തിൽനിന്ന് കരീബിയൻ കടലിലൂടെ വെനസ്വേല തീരത്തേക്കാണ് ബി–1 ബോംബറുകൾ പറന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. യുഎസ് വ്യോമസേനയിൽ ഏറ്റവും കൂടുതൽ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള വിമാനമാണ് ബി–1. കഴിഞ്ഞയാഴ്ച്ച ബി–52 ബോംബറുകൾ വെനസ്വേലയുടെ തീരത്ത് പരിശീലന പറക്കൽ നടത്തിയിരുന്നു. എഫ് 35 ബി വിമാനങ്ങളും പരിശീലനത്തിൽ പങ്കെടുത്തു. 8 യുദ്ധക്കപ്പലുകളും പി–8 പട്രോൾ വിമാനങ്ങളും എംക്യു–9 ഡ്രോണുകളും എഫ് 35 വിമാനങ്ങളും കരീബിയൻ കടലിൽ നിരീക്ഷണം നടത്തുന്നുണ്ട്.
മയക്കുമരുന്ന് കടത്തുന്ന ബോട്ടുകൾക്ക് നേരെ ആക്രമണം നടത്താൻ തനിക്കു നിയമപരമായ അധികാരം ഉണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. സമാനമായ ആക്രമണങ്ങൾ കരയിലും നടത്തുമെന്ന സൂചനയും നൽകി.


