ഹൗസ് ഓഫ് ലോർഡ്‌സിൽ പ്രകൃതിയുടെ അവകാശ ബിൽ അവതരിപ്പിക്കാനൊരുങ്ങി ബ്രിട്ടീഷ് പരിസ്ഥിതി പ്രചാരകർ

ലണ്ടൻ : പ്രകൃതിയുടെ നിയമപരമായ പദവിക്കുവേണ്ടിയുള്ള സമൂലമായ നിർദേശങ്ങൾ അടങ്ങിയ ബിൽ ബ്രിട്ടീഷ് പ്രചാരകരുടെ മുൻകയ്യിൽ ‘ഹൗസ് ഓഫ് ലോർഡ്‌സി’ൽ അവതരിപ്പിക്കുന്നു. ‘പ്രകൃതിയുടെ അവകാശ ബിൽ’ എന്നാണിത് അറിയപ്പെടുന്നത്.
മറ്റു ജീവജാലങ്ങളുമായുള്ള മനുഷ്യരാശിയുടെ അതിരുകടന്ന ചൂഷണ ബന്ധത്തിലുള്ള നിരാശയും, കാലാവസ്ഥാ പ്രതിസന്ധിയോടുള്ള സാങ്കേതികവിദ്യയുടെയും വിപണിയുടെയും സമീപനത്തിലെ പോരായ്മകളെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കയും മൂലം ‘പ്രകൃതി അവകാശ പ്രചാരണ’ങ്ങളുടെ ആഗോളതലത്തിലുള്ള ഉണർവിന്റെ പശ്ചാത്തലത്തിലാണ് ഈ സംരംഭം വരുന്നത്.
പ്രകൃതിയെ ബഹുമാനിക്കാതെ ശാശ്വതമായ സാമ്പത്തിക പുരോഗതിയോ സാമൂഹിക നീതിയോ ഉണ്ടാകില്ല എന്ന ആശയം നിയമപരമായി ഉറപ്പിക്കുകയാണിതിലൂടെ. വസ്തുക്കൾ-സ്വത്ത്-വിഭവങ്ങൾ എന്നിവയിൽ നിന്ന് പ്രകൃതിയുടെ നിയമപരമായ പദവിയെ അന്തർലീനമായ അവകാശങ്ങളുള്ള ഒരു നിയമപരമായ വിഷയമാക്കി മാറ്റുക എന്നതാണ് സ്വകാര്യ അംഗ ബിൽ ലക്ഷ്യമിടുന്നത്.
ഇത് നിയമമാവുമ്പോൾ, പ്രകൃതിയോടുള്ള കരുതലിന്റെ നിയമപരമായ കടമ സ്ഥാപിക്കുകയും, സമ്പദ്‌വ്യവസ്ഥയുടെയും സമൂഹത്തിന്റെയും എല്ലാ മേഖലകളിലും സുസ്ഥിരമായ രീതികൾ പ്രോത്സാഹിപ്പിക്കുന്നത് വ്യവസ്ഥകൾ നിരീക്ഷിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ദേശീയ, ജൈവ മേഖലാ കൗൺസിലുകളുടെ ഒരു ഭരണഘടന സൃഷ്ടിക്കുകയും ചെയ്യും. ഈ സംരംഭത്തിന് ക്രിസ് പാക്കാം, ഡെയ്ൽ വിൻസ് തുടങ്ങിയ പ്രമുഖ പരിസ്ഥിതി പ്രവർത്തകരുടെ പിന്തുണയുണ്ട്. കൂടാതെ ഗ്രീൻ പാർട്ടിയുടെ മുൻ നേതാവ് ബറോണസ് നതാലി ബെന്നറ്റാണ് ഇത് സമർപിക്കുന്നത്.
‘നിയമത്തിലും നയരൂപീകരണത്തിലും ഒരു വലിയ മാറ്റം ഞങ്ങൾ പ്രതീക്ഷിക്കുന്നു’വെന്ന് ബില്ലിന്റെ കരട് തയ്യാറാക്കൽ പ്രക്രിയക്ക് നേതൃത്വം നൽകിയ നേച്ചേഴ്‌സ് റൈറ്റ്‌സിന്റെ സ്ഥാപക മുംത ഇറ്റോ പറഞ്ഞു. പ്രകൃതിയെ ജീവിതത്തിന്റെ അടിസ്ഥാനമായി സംരക്ഷിക്കുന്ന നിയമങ്ങളോട് ഒരു പുതിയ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
‘നമ്മൾ ഒരു ജൈവവൈവിധ്യ-കാലാവസ്ഥാ അടിയന്തരാവസ്ഥയിലാണ്. പ്രകൃതിയെ നമ്മുടെ ദൈനംദിന തീരുമാനങ്ങളിൽ ഉൾപ്പെടുത്തുന്ന ഒരു പ്രായോഗിക നടപടിയാണ് പ്രകൃതിയുടെ അവകാശ ബിൽ. പ്രകൃതിക്ക് നിയമത്തിൽ ശബ്ദം നൽകുന്നത് അടിയന്തര ആവശ്യമാണെന്നും മൃഗക്ഷേമ പ്രചാരകനായ ക്രിസ് പാക്കാം പറഞ്ഞു.
ഇക്വഡോർ, ബൊളീവിയ, ഉഗാണ്ട, യു.എസ്, കാനഡ, ബ്രസീൽ, ന്യൂസിലാൻഡ്, മെക്സിക്കോ, വടക്കൻ അയർലൻഡ് എന്നിവക്ക് അവരുടെ ഭരണഘടനകളിലോ ദേശീയ നിയമങ്ങളിലോ പ്രാദേശിക നിയന്ത്രണങ്ങളിലോ പ്രകൃതിയുടെ അവകാശങ്ങളെക്കുറിച്ച് ചില അംഗീകാരങ്ങളുണ്ട്. ഇന്ത്യയിലെയും കൊളംബിയയിലെയും കോടതി തീരുമാനങ്ങൾ ആവാസവ്യവസ്ഥയുടെയോ നദികളുടെയോ അവകാശങ്ങൾ അംഗീകരിച്ചിട്ടുണ്ട്. യു.എൻ പരിസ്ഥിതി പരിപാടിയുടെ അന്താരാഷ്ട്ര സമ്മേളനങ്ങളിലും ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള കൺവെൻഷനിലും ഉന്നയിച്ച ‘പ്രകൃതിയുടെ അവകാശങ്ങളുടെ നിയമപരമായ വശങ്ങൾ’ യു.എൻ പര്യവേക്ഷണം ചെയ്തുവരികയാണ്.