മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയ്ക്ക് 2024-25 സാമ്പത്തികവർഷം ലഭിച്ചത് റെക്കോഡ് പ്രതിഫലം

മുംബൈ : മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയ്ക്ക് 2024-25 സാമ്പത്തികവർഷം ലഭിച്ചത് റെക്കോഡ് പ്രതിഫലം. 9.65 കോടി ഡോളറാണ് മൈക്രോസോഫ്റ്റ് അദ്ദേഹത്തിന് നൽകിയതെന്നാണ് കണക്ക്. അതായത് ഏകദേശം 840 കോടി രൂപ. മൈക്രോസോഫ്റ്റിന്റെ ചുമതലയേറ്റെടുത്തശേഷം അദ്ദേഹത്തിന് ലഭിച്ചതിൽ ഏറ്റവുമുയർന്ന പ്രതിഫലമാണിത്.
സത്യ നാദെല്ലയ്ക്കുകീഴിൽ മൈക്രോസോഫ്റ്റ് നിർമിതബുദ്ധിയിൽ നടത്തിയ മുന്നേറ്റമാണ് പ്രതിഫലം ഉയരാൻ കാരണമായത്. പുതുതലമുറ സാങ്കേതികമാറ്റത്തിൽ നിർമിതബുദ്ധി രംഗത്ത് മൈക്രോസോഫ്റ്റിനെ ആഗോള നേതൃപദവയിലെത്തിച്ചതിൽ സത്യ നാദെല്ലയ്ക്കും ടീമിനും വലിയ പങ്കാണുള്ളതെന്ന് കമ്പനി ഓഹരിയുടമകളെ അറിയിച്ചു. അദ്ദേഹത്തിന്റെ പ്രതിഫലത്തിൽ 90 ശതമാനവും മൈക്രോസോഫ്റ്റ് ഓഹരികളായാണ് നൽകിയിട്ടുള്ളത്. അടിസ്ഥാനശമ്പളമായി ലഭിച്ചത് 25 ലക്ഷം ഡോളറാണ്. ഏകദേശം 22 കോടി രൂപ വരുമിത്.
സത്യ നാദെല്ലയ്ക്കൊപ്പം കമ്പനിയുടെ ഉന്നതപദവിയിലുള്ള എക്സിക്യുട്ടീവുകൾക്കും ഉയർന്ന പ്രതിഫലം ലഭിച്ചിട്ടുണ്ട്. ചീഫ് ഫിനാൻഷ്യൽ ഓഫീസർ അമി ഹുഡിന് 2.95 കോടി ഡോളറും കൊമേഴ്സ്യൽ ബിസിനസിന് നേതൃത്വംവഹിക്കുന്ന ജഡ്സൺ അൽതോഫിന് 2.82 കോടി ഡോളറും പ്രതിഫലമായി കമ്പനി നൽകി.
2023-24 സാമ്പത്തികവർഷം 7.91 കോടി ഡോളറായിരുന്നു നാദെല്ലയ്ക്ക് പ്രതിഫലമായി ലഭിച്ചത്. 2014-ലാണ് മൈക്രോസോഫ്റ്റിന്റെ മൂന്നാമത്തെ സിഇഒ ആയി അദ്ദേഹം ചുമതലയേറ്റത്. ബിൽഗേറ്റ്സ് ആയിരുന്നു ആദ്യ സിഇഒ. അദ്ദേഹത്തിനുശേഷമെത്തിയ സ്റ്റീവ് ബാമറിൽനിന്നാണ് സത്യ നാദെല്ല ചുമതല ഏറ്റെടുത്തത്. മൈക്രോസോഫ്റ്റിന് ക്ലൗഡ്-നിർമിതബുദ്ധി കേന്ദ്രീകൃത കമ്പനിയാക്കി മാറ്റിയത് നാദെല്ലയാണ്. ഹൈദരാബാദിൽ ജനിച്ച അദ്ദേഹം മാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽനിന്നാണ് ബിരുദം പൂർത്തിയാക്കിയത്. 1992-ലാണ് മൈക്രോസോഫ്റ്റിൽ ചേർന്നത്.
റെക്കോർഡ് പ്രതിഫലം വാങ്ങുന്ന മറ്റു കമ്പനികളുടെ തലവൻമാർ
ജിം ആൻഡേഴ്സൺ, സിഇഒ, കൊഹറന്റ് കോർപ്പ്: 10.14 കോടി ഡോളർ (889 കോടി രൂപ)
സത്യ നാദെല്ല, സിഇഒ, മൈക്രോസോഫ്റ്റ്: 9.65 കോടി ഡോളർ (840 കോടി രൂപ)
ടിം കുക്ക്, സിഇഒ, ആപ്പിൾ: 7.46 കോടി ഡോളർ (650 കോടിരൂപ)
ശന്തനു നാരായൺ, സിഇഒ, അഡോബി: 5.24 കോടി ഡോളർ (459 കോടി രൂപ)
രാജീവ് രാമസ്വാമി, സിഇഒ, നുടാനിക്സ് കമ്പനി: 5.11 കോടി ഡോളർ (448 കോടി രൂപ)
ജെൻസെൻ ഹുവാങ്, സിഇഒ, എൻവിഡിയ: 4.99 കോടി ഡോളർ (430 കോടി രൂപ)
മാർക്ക് സക്കർബർഗ്, സിഇഒ, മെറ്റ പ്ലാറ്റ്ഫോം: 2.72 കോടി ഡോളർ (240 കോടി രൂപ)
സുന്ദർ പിച്ചൈ, സിഇഒ, ആൽഫബെറ്റ് (ഗൂഗിൾ മാതൃകമ്പനി): 1.07 കോടി ഡോളർ (94 കോടി രൂപ)