അന്തർദേശീയം

ഹോങ്കോങ്ങ് – ഡൽഹി എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് മുൻപ് ഗുരുതര തകരാറ് കണ്ടെത്തി

ഹോങ്കോങ്ങ് : ടേക്ക് ഓഫിന് മുൻപായുള്ള പരിശോധനയിൽ കണ്ടെത്തിയത് സുപ്രധാന തകരാറ്. പൈലറ്റുമാരുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം. എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനമാണ് ഹോങ്കോങ്ങ് വിമാനത്താവളത്തിൽ വച്ച് അപ്രതീക്ഷിത സംഭവങ്ങളിലൂടെ കടന്ന് പോയത്. ദില്ലിയിലേക്ക് പുറപ്പെടും മുൻപ് വ്യാഴാഴ്ച അവസാന വട്ട പരിശോധനകൾ നടക്കുമ്പോഴാണ് ഓൺബോർഡ് സിസ്റ്റങ്ങളിൽ അസ്വഭാവികത ശ്രദ്ധിക്കുന്നത്. ഇതോടെ എഐ315 വിമാനം ടേക്ക് ഓഫിന് മുൻപായി ഗ്രൗണ്ട് ചെക്കിന് വിധേയമാവുകയായിരുന്നു. രാവിലെ 8.50 നി പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായത്. ഓൺബോ‍‍ർഡിലെ ചെറിയ ഒരു കംപോണെന്റ് മാറ്റിയതിന് പിന്നാലെ തകരാറ് പരിഹരിച്ചിരുന്നു. എൻജിനീയർമാർ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് സർവ്വീസ് പുനരാരംഭിച്ചത്.

ഒരു ഘട്ടത്തിലും യാത്രക്കാരുടെ സുരക്ഷ പരിഗണിക്കാതെ പോവില്ലെന്ന് എയർ ഇന്ത്യ വിശദമാക്കി. എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവ്വീസുകളിലെ സ്ഥിരം വിമാനമാണ് ബോയിംഗ് 787-8. ഇന്ധനക്ഷമത, രൂപം, ദീർഘദൂര സ‍ർവ്വീസുകൾക്കുള്ള ശേഷിയെന്നിവയാണ് ബോയിംഗ് 787-8 വിമാനങ്ങളുടെ പ്രത്യേകത. തകരാറുകൾ പരിഹരിച്ച ശേഷം 11.30നാണ് വിമാനം പുറപ്പെട്ടത്. അടുത്തിടെ ഒന്നിലേറെ വിമാനങ്ങളിൽ സാങ്കേതിക തകരാറ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനങ്ങൾ കർശന നിരീക്ഷണത്തിലാണ്. വിമാനത്തിലെ സാങ്കേതിക പരിശോധനയും കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button