കാനഡയിലെയും അമേരിക്കയിലെയും വിമാത്താവളങ്ങൾ ഹമാസ് അനുകൂലികൾ ഹാക്ക് ചെയ്തു

വാഷിങ്ടൺ ഡിസി : കാനഡയിലെയും അമേരിക്കയിലെയും വിമാനത്താവളങ്ങളില് ഹമാസ് അനുകൂലികളുടെ ഹാക്കിങ്. ഹാക്ക് ചെയ്ത് ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേയിൽ ഹമാസ് അനുകൂല സന്ദേശങ്ങൾ പ്രദർശിപ്പിച്ചതായി റിപ്പോർട്ട്. കാനഡയിലെ മൂന്ന് വിമാനത്താവളങ്ങളിലും യു.എസിലെ ഒരു വിമാനത്താവളത്തിലുമാണ് ഹാക്കിങ് നടന്നത്. ഹമാസ് അനുകൂല സന്ദേശങ്ങളും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വിമർശിക്കുന്ന സന്ദേശങ്ങളും ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേയിൽ പ്രത്യക്ഷപ്പെട്ടു.
ബ്രിട്ടീഷ് കൊളംബിയയിലെ കെലോവ്ന, വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, ഒന്റാറിയോയിലെ വിൻഡ്സർ അന്താരാഷ്ട്ര വിമാനത്താവളം, പെൻസിൽവാനിയയിലെ ഹാരിസ്ബർഗ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് യാത്രക്കരെ ആശങ്കയിലാക്കി ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേയിൽ ഹമാസ് അനുകൂല സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്. വിമാനത്താവളങ്ങളിൽ പ്രത്യക്ഷപ്പെട്ട സന്ദേശങ്ങളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ ദൃശ്യങ്ങളുടെ ആധികാരികത ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
ലൗഡ്സ്പീക്കറിലൂടെ “ഫ്രീ പാലസ്തീൻ” എന്നും ട്രംപിനും നെതന്യാഹുവിനുമെതിരായ അസഭ്യവർഷങ്ങളുമാണ് പെൻസിൽവാനിയയിലെ ഹാരിസ്ബർഗ് വിമാനത്താവളത്തിൽ നിന്നും കേട്ടതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ടർക്കിഷ് ഹാക്കർ സൈബർ ഇസ്ലാം ഇവിടെയുണ്ടായിരുന്നുവെന്നും ശബ്ദസന്ദേശത്തിൽ പറഞ്ഞുവെന്നാണ് വിവരം. മിനിറ്റുകളോളം ശബ്ദസന്ദേശം വിമാനത്താവളത്തിൽ മുഴങ്ങി.
“ഇസ്രായേൽ യുദ്ധം തോറ്റു, ഹമാസ് യുദ്ധം ജയിച്ചു” എന്ന് ബ്രിട്ടീഷ് കൊളംബിയയിലെ കെലോവ്ന അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേയിൽ ഹാക്കർമാർ പ്രദർശിപ്പിച്ചു.
വിമാനത്താവളം ഉപയോഗിക്കുന്ന ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്വെയർ സംവിധാനത്തിലാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്നും, ഉടനെ സിസ്റ്റങ്ങൾ സാധാരണ നിലയിലാക്കിയെന്നും വിൻഡ്സർ അന്താരാഷ്ട്ര വിമാനത്താവളം പ്രസ്താവനയിൽ വ്യക്തമാക്കി.