അന്തർദേശീയം

കാനഡയിലെ കപിൽ ശർമയുടെ കഫേയ്ക്ക് നേരെ ലോറൻസ് ബിഷ്ണോയ് സംഘത്തിൻറെ ആക്രമണം

ഒട്ടാവ : ഇന്ത്യൻ ടെലിവിഷൻ അവതാരകൻ കപിൽ ശർമയുടെ കാനഡയിലെ കഫേയ്ക്ക് നേരെ വീണ്ടും ആക്രമണം. മൂന്നാം തവണയാണ് കഫേയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. പ്രകോപനവുമില്ലാതെ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘം ഏറ്റെടുത്തു. കുൽവീർ സിദ്ധുവും ഗോൾഡി ദില്ലണും ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചു.

കഫേയിലേക്ക് ഒന്നിലധികം തവണ അക്രമി വെടിയുതിർത്തു. വെടിയുതിർത്തയാൾ മുഖംമൂടി ധരിച്ചിരുന്നില്ല. ഈ സംഭവത്തിന് പിന്നാലെ പൊതുജന സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചു. മുൻ ആക്രമണങ്ങളിലുണ്ടായ കേടുപാടുകൾ നവീകരിച്ച് അടുത്തിടെയാണ് കഫേ വീണ്ടും തുറന്നത്.

കുൽവീർ സിദ്ധുവും ഗോൾഡി ദില്ലണുമാണ് ആക്രമണം നടത്തിയെന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ” ഇന്ന് സറേയിലെ കാപ്സ് കഫേയിൽ നടന്ന വെടിവയ്പ്പ് നടത്തിയത് ഞാനും (കുൽവീർ സിദ്ധുവും) ഗോൾഡി ദില്ലണും ചേർന്നാണ്. പൊതുജനങ്ങളോട് ഞങ്ങൾക്ക് ഒരു പകയുമില്ല. ഞങ്ങളെ വഞ്ചിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകും. നമ്മുടെ മതത്തിനെതിരെ സംസാരിക്കുന്ന ബോളിവുഡുകാരും തയ്യാറായിരിക്കണം. വെടിയുണ്ടകൾ എവിടെ നിന്നും വരാം” എന്ന് അക്രമികൾ സോഷ്യൽ മീഡിയയിൽ ഭീഷണി ഉയർത്തി.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ 10നും , ആ​ഗസ്ത് 12നുമാണ് ഇതിന് മുമ്പ് കഫേയിൽ ആക്രമണം നടന്നത്. കഫേയുടെ ചില്ലുകൾ തകർന്നിരുന്നു. ഇതുവരെ നടന്ന ആക്രമണങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ആദ്യ രണ്ട് സംഭവങ്ങൾക്ക് ശേഷം, മുംബൈയിലും മറ്റ് സ്ഥലങ്ങളിലുമുള്ള കപിൽ ശർമ്മയുടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തി.

കൊലപാതകം, ഭീഷണിപ്പെടുത്തി പണംതട്ടല്‍, ആയുധ-–മയക്കുമരുന്ന് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയിലും വിദേശത്തും കുപ്രസിദ്ധിയാര്‍ജിച്ച ബിഷ്‌ണോയ്‌ സംഘത്തെ കനേഡിയൻ സർക്കാർ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. കനേഡിയൻ പൗരന്മാരിൽ ആരെങ്കിലും സംഘത്തെ നേരിട്ടോ അല്ലാതെയോ സഹായിക്കുകയോ അവരുമായി ഇടപാട് നടത്തുകയോ ചെയ്‌താൽ കുറ്റകരമാണ്.

സംഘത്തലവന്‍ ലോറൻസ് ബിഷ്‌ണോയ്‌ നിലവിൽ ഇന്ത്യയിൽ ജയിലിലാണ്‌. സംഘത്തെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലൂടെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനാകും. സംഘാംഗങ്ങളെന്ന് സംശയിക്കുന്നവര്‍ക്ക് കാനഡയിൽ പ്രവേശനം നിഷേധിക്കാനുമാകും.

വഷളായ കാനഡ–ഇന്ത്യ ബന്ധം മെച്ചപ്പെടുത്താനുള്ള ഒരു പ്രധാന ചുവടുവയ്‌പ്പായാണ് ഇ‍ൗ തീരുമാനം വിലയിരുത്തപ്പെടുന്നത്. ബോളിവുഡ് താരങ്ങളെ അടക്കം ലക്ഷ്യമിടുന്ന ബിഷ്‌ണോയ്‌ സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കമെന്നത് ഇന്ത്യ ദീര്‍ഘനാളായി കാനഡയോട് ആവശ്യപ്പെടുന്നുണ്ട്. ​

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button