ഗാസയിലെ ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിച്ചു : ട്രംപ്

വാഷിങ്ടണ്‍ ഡിസി : ഗാസയിലെ ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയിലെ യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഈജിപ്തിലെ കയ്റോയിലെ ഷരം അല്‍ ശൈഖില്‍ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തിരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. വെടിനിര്‍ത്തല്‍ നിലനില്‍ക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഈജിപ്ഷ്യന്‍ പ്രസിഡന്റ് എല്‍-സിസിയും സംയുക്തമായി അധ്യക്ഷത വഹിക്കുന്ന ഉച്ചകോടിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
അതേസമയം, ഉച്ചകോടിക്ക് മുന്‍പ് തന്നെ ബന്ദിമോചനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഹമാസും അറിയിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍പ്രകാരം തിങ്കളാഴ്ച ഉച്ചവരെയാണ് ഹമാസിന് ബന്ദിമോചനത്തിന് സമയം നല്‍കിയത്. 47 ഇസ്രയേല്‍ ബന്ദികളെയാണ് ഹമാസ് കൈമാറേണ്ടത്. ഇതില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണ് കണക്ക്. പകരം, ഇസ്രായേല്‍ 250 പലസ്തീന് തടവുകാരെയും 1,700 ല്‍ അധികം തടവുകാരെയും വിട്ടയക്കും.